
വാഷിംഗ്ടണ്‍ : ചെയ്യാത്ത തെറ്റിന് നാല്പതുവര്‍ഷത്തോളം യുഎസ് ജയിലില്‍ക്കഴിഞ്ഞ ഇന്ത്യന്‍ വംശജന്‍ സുബ്രഹ്‌മണ്യം ‘സുബു’ വേദത്തെ നാടുകടത്തുന്ന നടപടികള്‍ക്ക് താത്ക്കാലിക വിലക്ക്. രണ്ട് യുഎസ് കോടതികളാണ് ആശ്വാസ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ലൂസിയാനയിലെ അലക്‌സാണ്ട്രിയയിലുള്ള ഒരു ഹോള്‍ഡിംഗ് സെന്ററില്‍ തടവില്‍ കഴിയുന്ന സുബ്രഹ്‌മണ്യത്തെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തില്ല. വ്യാഴാഴ്ച, ഒരു ഇമിഗ്രേഷന്‍ ജഡ്ജി അദ്ദേഹത്തിന്റെ നാടുകടത്തല്‍ ബോര്‍ഡ് ഓഫ് ഇമിഗ്രേഷന്‍ അപ്പീല്‍സ് പുനഃപരിശോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ പ്രക്രിയയ്ക്ക് നിരവധി മാസങ്ങള്‍ എടുത്തേക്കാം.
ആരാണ് സുബ്രഹ്‌മണ്യം ‘സുബു’ വേദം?
തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെയ്യാത്ത തെറ്റിന് ജയിലില്‍ ചെലവഴിച്ചയാളാണ് 64 വയസ്സുള്ള സുബ്രഹ്‌മണ്യം ‘സുബു’ വേദം എന്ന ഇന്ത്യന്‍ വംശജന്‍. സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 വയസുകാരന്‍ വേദം പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത് പെന്‍സില്‍വാനിയയിലെ സ്റ്റേറ്റ് കോളേജില്‍ പഠിക്കുന്ന സമയത്താണ്. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായെങ്കിലും വേദം ഇപ്പോഴും തടവില്‍ത്തന്നെയാണ്.
ഒക്ടോബര്‍ 3 -ന് രാവിലെയാണ് സുബ്രഹ്‌മണ്യം വേദം പെന്‍സില്‍വാനിയ ജയിലായ ഹണ്ടിംഗ്ടണ്‍ സ്റ്റേറ്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍, അദ്ദേഹത്തെ അപ്പോള്‍ത്തന്നെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. തുടർന്ന് അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ പോവുകയാണ് എന്നായിരുന്നു അധികൃതരില്‍ നിന്നും ലഭ്യമായ വിവരം. നേരത്തെയുള്ള കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത് എന്നും ഇത്രയേറെ വര്‍ഷങ്ങള്‍ നീണ്ട ശിക്ഷ അനുഭവിച്ച ഒരാളോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല എന്നുമാണ് കുടുംബത്തിന്റെ പക്ഷം. വെറും ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് നിയമപരമായി ഇന്ത്യയില്‍ നിന്നും വേദം അമേരിക്കയിലെത്തുന്നത്.
ജയിലില്‍ കഴിയുകയായിരുന്ന വേദത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന തെളിവുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ മറച്ചുവെച്ചതായി കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വേദത്തിന്റെ മോചനം സാധ്യമായത്.
US courts have stayed the deportation of an Indian-origin man Subramanyam “Subu” Vedam.














