
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) യു.എസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും യുഎസ് പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തെ മുറിവേല്‍പ്പിച്ച് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22നാണ് 26 പേരുടെ മരണത്തിനിടയായ ഭീകരാക്രമണം സംഭവിച്ചത്. ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക വ്യക്തിയുമാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.