വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ വിദേശ പൗരന്മാർക്ക് നൽകുന്നത് നിർത്തിവെക്കും, നടപടിയുമായി യുഎസ് ഗതാഗത വകുപ്പ്

വാഷിംഗ്ടൺ: യുഎസിൽ വിദേശ പൗരന്മാർക്ക് വാണിജ്യ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫ്ലോറിഡയിൽ അടക്കം വിദേശ പൗരന്മാരുടെ അശ്രദ്ധ മൂലം അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് യുഎസ് ഗതാഗത വകുപ്പിൻറെ നടപടി. ഫ്ലോറിഡയിൽ ഇന്ത്യക്കാരനായ ഡ്രൈവർ അശ്രദ്ധമായി ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയതാണ് ഗതാഗത വകുപ്പിന്റെ നടപടിക്ക് പ്രധാന കാരണം. അപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും അനധികൃത താമസക്കാരനാണെന്നും കണ്ടെത്തിയിരുന്നു.

ഇനി തൊഴിൽ അധിഷ്ഠിത വിസയും ഫെഡറൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധനയും ഇല്ലാത്ത വിദേശ പൗരന്മാർക്ക് ലൈസൻസ് ലഭിക്കില്ല. കാലിഫോർണിയയോട് ചില വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ വിദേശ പൗരന്മാർക്ക് നൽകുന്നത് നിർത്തിവെക്കാനും നിർദേശം നൽകി.

ഫ്ളോറിഡയിൽ ഇന്ത്യക്കാരനായ ഡ്രൈവർ വരുത്തിവെച്ച അപകടത്തിൽ കാർ യാത്രികരായ മൂന്നുപേർ മരണപ്പെട്ടിരുന്നു. സംഭവത്തിൽ ഡ്രൈവറായ ഹർജിന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കാലിഫോർണിയയിൽ നിന്നാണ് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതെന്നാണ് കണ്ടെത്തൽ.

പുതിയ നിയമപ്രകാരം, H-2a, H-2b അല്ലെങ്കിൽ E-2 വിസയുള്ള ഡ്രൈവർമാർക്ക് മാത്രമേ വാണിജ്യ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ അർഹതയുള്ളൂ. വാണിജ്യ ഡ്രൈവിങ് ലൈസൻസിന് എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് മാത്രം മതിയാകില്ലെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. അതേസമയം നിയമങ്ങൾ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ലെന്നും നിലവിൽ ലൈസൻസുള്ളവരെ ഇത് ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide