
വാഷിംഗ്ടൺ: ഇറാനുമായി വാക്പോര് തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ ദ്വീപിലെ ക്യാമ്പ് തണ്ടർ ബേയിൽ ആണവ ശേഷിയുള്ള ആറ് ബി-2 ബോംബർ വിമാനങ്ങൾ യുഎസ് വിന്യസിച്ചതായി റിപ്പോർട്ട്. പ്ലാനറ്റ് ലാബ്‌സ് ഏജൻസി വിശകലനം ചെയ്ത ഉപഗ്രഹ ഫോട്ടോകളിൽ കഴിഞ്ഞ ആഴ്ച മുതൽ ഡീഗോ ഗാർസിയയിൽ ബി-2 ബോംബറുകളുടെ സാന്നിധ്യം കണ്ടതായാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ ആണവ പദ്ധതി സംബന്ധിച്ച് ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള തര്‍ക്കും രൂക്ഷമാകുന്നതിനിടെയാണ് ഈ കണ്ടെത്തൽ എന്നുള്ളതാണ് ശ്രദ്ധേയം.
ഇതിനിടെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരോക്ഷ ആണവ ചർച്ചകൾക്കുള്ള ഇറാനിയൻ നിർദ്ദേശം ഗൗരവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. സമാന്തരമായിഇറാൻ സൈനിക ആക്രമണം നടത്താൻ തീരുമാനിക്കുകയാണെങ്കിൽ മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനും ട്രംപ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. നേരിട്ടുള്ള ചർച്ചകൾക്ക് വിജയസാധ്യത കൂടുതലാണെന്ന് ട്രംപ് ഭരണകൂടം കരുതുന്നത്. ഇറാൻ നിർദ്ദേശിച്ച ഫോർമാറ്റിനെ യുഎസ് തള്ളിക്കളയുന്നില്ലെന്നും ഒമാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിൽ എതിർപ്പില്ലെന്നുമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.