
വാഷിംഗ്ടണ്‍ : പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്ത് സംഘം സഞ്ചരിച്ച ബോട്ട് ആക്രമിച്ച് തകര്‍ത്ത് യുഎസ് സൈന്യം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പസഫിക്കില്‍ ഇത്തരം സംഘത്തിനുനേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. കടല്‍മാര്‍ഗ്ഗമുള്ള മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ യുഎസ് ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്.
ബുധനാഴ്ച നടന്ന ആക്രമണത്തില്‍ ഒരു യുഎസ് സൈനികര്‍ക്കും പരിക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. പസഫിക്കില്‍ കഴിഞ്ഞ ദിവസം മറ്റൊരു ബോട്ട് ആക്രമിച്ച് തകര്‍ക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവം.
അന്താരാഷ്ട്ര ജലാശയങ്ങളിലൂടെ രണ്ട് കപ്പലുകളും മയക്കുമരുന്ന് കൊണ്ടുപോകുകയായിരുന്നുവെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു. ‘ഈ ആക്രമണങ്ങള്‍ ദിവസം തോറും തുടരും. ഇവര്‍ മയക്കുമരുന്ന് കടത്തുകാരല്ല – നമ്മുടെ നഗരങ്ങളിലേക്ക് മരണവും നാശവും കൊണ്ടുവരുന്ന മയക്കുമരുന്ന് ഭീകരരാണ്,’ ഹെഗ്സെത്ത് എക്‌സില്‍ കുറിച്ചു. യുഎസ് ബോംബ് പതിച്ചതിനെത്തുടര്‍ന്ന് ഒരു ബോട്ടിന് തീ പിടിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 2 ന് ശേഷം കരീബിയന്‍ കടലിലൂടെയുള്ളത് ഉള്‍പ്പെടെ ഒമ്പതാമത്തെ മയക്കുമരുന്ന് ബോട്ടാണ് യുഎസ് തകര്‍ക്കുന്നത്.
US destroys drug-smuggling boat in Pacific; three killed.















