
വാഷിംഗ്ടണ്‍: ഇറാനിലെ ഏറ്റവും വലിയ ആണവ കേന്ദ്രങ്ങളിലൊന്നിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിക്കാതിരുന്നതിൽ വിശദീകരണവുമായി യുഎസിലെ ഉന്നത സൈനിക ജനറൽ. ആ കേന്ദ്രം വളരെ ആഴത്തിലായതുകൊണ്ട് ബോംബുകൾ ഫലപ്രദമാകാൻ സാധ്യതയില്ലാത്തതുകൊണ്ടാണ് ഇതെന്ന് സെനറ്റർമാർക്ക് നൽകിയ ബ്രീഫിംഗിൽ പറഞ്ഞു. മധ്യ ഇറാനിലെ ഇസ്ഫഹാൻ കേന്ദ്രത്തിനെതിരെ യുഎസ് സൈന്യം എന്തുകൊണ്ടാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഉപയോഗിക്കാത്തതെന്ന് ആദ്യമായി ലഭിക്കുന്ന വിശദീകരണമാണിത്.
യുഎസ് ആക്രമണത്തെ തുടർന്ന് ഇസ്ഫഹാനിലെയും മറ്റ് കേന്ദ്രങ്ങളിലെയും നാശനഷ്ടങ്ങളെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചോദ്യങ്ങൾ ഉയരുകയാണ്.
ഇസ്ഫഹാനിലെ ഭൂഗർഭ ഘടനകളിൽ ഇറാനിലെ സമ്പുഷ്ട യുറേനിയം ശേഖരത്തിന്‍റെ ഏകദേശം 60 ശതമാനം ഉണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. ഒരു ആണവായുധം നിർമ്മിക്കാൻ ഇറാനു ഈ യുറേനിയം ആവശ്യമാണ്. ഇറാനിലെ ഫോർഡോ, നതാൻസ് ആണവ കേന്ദ്രങ്ങളിൽ യുഎസ് B-2 ബോംബറുകൾ ഡസൻ കണക്കിന് ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിച്ചു. എന്നാൽ ഇസ്ഫഹാനിൽ യുഎസ് അന്തർവാഹിനിയിൽ നിന്ന് തൊടുത്ത ടോമഹോക്ക് മിസൈലുകൾ മാത്രമാണ് പതിച്ചത്.















