
ഗാസ: യുഎസ് മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെള്ളിയാഴ്ച ഗാസയിലെ ഒരു സഹായ വിതരണ കേന്ദ്രം സന്ദർശിച്ചു. അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം അടുത്തിടെയായി ഏറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ദിവസങ്ങളായി ഭക്ഷണക്ഷാമം രൂക്ഷമായ ഗാസയിൽ, ഭക്ഷണത്തിനായി കാത്തുനിന്ന നൂറുകണക്കിന് പലസ്തീനികൾ ഈ കേന്ദ്രങ്ങൾക്ക് സമീപം കൊല്ലപ്പെട്ടതോടെയാണ് ഈ കേന്ദ്രങ്ങൾ വിവാദത്തിലായത്.
തെക്കൻ ഗാസയിലെ റഫയിൽ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) എന്ന സഹായ വിതരണ കേന്ദ്രമാണ് വിറ്റ്കോഫ് സന്ദർശിച്ചതെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സഹായ വിതരണ ചുമതലകൾക്ക് പകരമായി രൂപംകൊണ്ട സംഘടനയാണ് ജി.എച്ച്.എഫ്.
ഗാസയിലെ പട്ടിണി കൂടുതൽ രൂക്ഷമായിട്ടും ഫലപ്രദമായ ഇടപെടലുകൾ നടത്താൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഭക്ഷണത്തിനായി കാത്തുനിന്ന 1,000-ത്തിലധികം പലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഇവരിൽ നൂറുകണക്കിന് പേർ ജി.എച്ച്.എഫ്. കേന്ദ്രങ്ങൾക്ക് സമീപം വെച്ചാണ് കൊല്ലപ്പെട്ടതെന്ന് യു.എൻ. റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഈ കണക്കുകൾ ജി.എച്ച്.എഫ്. നിഷേധിച്ചിട്ടുണ്ട്.