
വാഷിംഗ്ടണ്‍: യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) വാക്‌സിന്‍ മേധാവി വിനയ് പ്രസാദ് രാജിവെച്ചു. സമീപകാലത്തെ നിരവധി വിവാദങ്ങളെത്തുടര്‍ന്ന് വലിയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് രാജി. ട്രംപ് ഭരണകൂടത്തിന് കീഴില്‍ മൂന്നുമാസം മാത്രം നീണ്ട സേവനത്തിനൊടുവിലാണ് ഈ അപ്രതീക്ഷിത രാജി.
ഇദ്ദേഹത്തെ പുറത്താക്കിയതാണെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ‘കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍’ എഫ്ഡിഎയില്‍ നിന്നും വിനയ് പ്രസാദ് പിന്മാറിയെന്നാണ് വകുപ്പിന്റെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചത്.
കോവിഡ്-19 വാക്‌സിന്‍ ബൂസ്റ്ററുകള്‍ സംബന്ധിച്ച എഫ്ഡിഎയുടെ നിലവിലെ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ ഉദ്യോഗസ്ഥനാണ് പ്രസാദ്. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും അതീവ അപകടസാധ്യതയുള്ളവര്‍ക്കും മാത്രം വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്ന നയം അദ്ദേഹത്തിന്റെ കീഴിലാണ് പ്രാബല്യത്തില്‍ വന്നത്. അദ്ദേഹത്തിന്റെ നിയമനം ഏജന്‍സിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് അദ്ദേഹം പരസ്യമായി വാദിച്ചിരുന്നു. പ്രസാദിന്റെ രാഷ്ട്രീയ നിലപാടുകളും വലതുപക്ഷ ആക്ടിവിസ്റ്റുകളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എഫ്ഡിഎയുടെ ഡ്രഗ് സെന്റര്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് ടിഡ്മാര്‍ഷ്, ആക്ടിംഗ് റോളില്‍ പ്രസാദിന്റെ ജോലി ഏറ്റെടുക്കുമെന്നാണ് വിവരം.