
ന്യൂയോര്‍ക്ക്: എഐ സഹായത്തോടെ സ്വന്തം ശബ്‍ദത്തിൽ ഓഡിയോ ബുക്ക് പുറത്തിറക്കാൻ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. 55 കാരിയായ മെലാനിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഓഡിയോ ബുക്ക് പുറത്തിറക്കുന്ന കാര്യം അറിയിച്ചത്. ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ബുക്കിന് 25 ഡോളറായിരിക്കും വില. ഓര്‍മ്മക്കുറിപ്പിന്‍റെ രൂപത്തിലുള്ളതായിരിക്കും ഓഡിയോ ബുക്ക്. എഐ ഡീപ് സീക്കിന്‍റെ അപകട സാധ്യതകളെ കുറിച്ച് മെലാനിയ ഈ അടുത്ത് ആശങ്ക പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് എഐയുടെ സഹായത്തോടെ തന്നെ തന്‍റെ ഓഡിയോ ബുക്ക് ഇറക്കുന്നത്.
തന്‍റെ ശബ്‍ദത്തിൽ എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മെലാനിയ-ദി എഐ ഓഡിയോ ബുക്ക് നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു എന്നാണ് അവര്‍ കുറിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മേല്‍നോട്ടത്തിലും നിര്‍ദേശത്തിലും നിര്‍മ്മിച്ചതാണ് ഓഡിയോ ബുക്കെന്നും ഈ വര്‍ഷം അവസാനത്തോടെ മറ്റ് ഭാഷകളിലും ഓഡിയോ ബുക്ക് ലഭ്യമാക്കുമെന്നും ഓഡിയോ ബുക്ക് പുറത്തിറക്കുന്ന വെബ്സൈറ്റ് വ്യക്തമാക്കി.