
വാഷിംഗ്ടൺ: ഫ്ലോറിഡയിൽ ഇന്ത്യൻ ഡ്രൈവറോടിച്ച ട്രക്ക് അപകടത്തിൽപെട്ടതിന് പിന്നാലെ കടുത്ത തീരുമാനമെടുത്ത് യുഎസ്. ട്രക്ക് യൂ ടേൺ എടുക്കുന്നതിനിടെ വാഹനത്തിലേക്ക് കാറിടിച്ച് കയറി മൂന്ന് പേരാണ് മരിച്ചത്. ഇതിന് പിന്നാലെ വിദേശത്ത് നിന്നുള്ള വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് വിസ നൽകുന്നത് നിർത്താനാണ് യുഎസ് തീരുമാനിച്ചിട്ടുള്ളത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും വിദേശത്ത് നിന്നുള്ള ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നത് അമേരിക്കയിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
അമേരിക്കൻ ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അമേരിക്കയിൽ വിദേശ ട്രക്ക് ഡ്രൈവർമാർ അമേരിക്കക്കാരുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നുവെന്നും അമേരിക്കക്കാരുടെ ജീവിതം അപകടത്തിലാക്കുന്നുവെന്നും എക്സിലെ കുറിപ്പിൽ കുറ്റപ്പെടുത്തി. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ട്രക്ക് ഡ്രൈവർമാർക്കുള്ള വിസ വിലക്കിലേക്ക് ട്രംപ് ഭരണകൂടം കടന്നത്.
ഫ്ലോറിഡയിൽ ദേശീയപാതയിലാണ് ഇന്ത്യക്കാരനായ ഡ്രൈവർ ഹർജീന്ദർ സിങ്ങിന്‍റെ അശ്രദ്ധ കാരണം വലിയ അപകടം ഉണ്ടായത്. വെസ്റ്റ് പാം ബീച്ചിന് ഏകദേശം 80 കിലോമീറ്റർ വടക്കുള്ള ഹൈവേയിൽ ഇദ്ദേഹം ട്രാഫിക് നിയമം തെറ്റിച്ചുകൊണ്ട് യു ടേൺ എടുത്തുവെന്നാണ് ഫ്ലോറിഡ ഹൈവേ പട്രോൾ പറയുന്നത്. ഈ സമയത്ത് തൊട്ടടുത്ത ലെയിനിലൂടെ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. എന്നാൽ ട്രക്ക് ഓടിച്ച ഹർജീന്ദർ സിങിനും ഒപ്പമുണ്ടായിരുന്നയാൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നില്ല.