
വാഷിംഗ്ടൺ: തൊഴിൽദാതാക്കളുടെ സ്പോൺസർമാരുമായി ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് യുഎസിൽ റെക്കോർഡ് കാലതാമസം നേരിടുന്നതായി കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികളുടെ നിലവിലെ കാത്തിരിപ്പ് സമയം സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2025-ൻ്റെ രണ്ടാം പാദം അവസാനിക്കുമ്പോൾ ഗ്രീൻ കാർഡ് അപേക്ഷകൾക്ക് ശരാശരി 1,256 ദിവസത്തെ (3.4 വർഷം) കാലതാമസം നേരിടുന്നു. ഇത് 2016-ൽ 705 ദിവസമായിരുന്നു (1.9 വർഷം).
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് (USCIS) മുമ്പ് നേരിടാത്തത്ര കുടിയേറ്റ കേസുകളുടെ ബാക്ക്ലോഗുകൾ ഉണ്ടെന്ന് ന്യൂസ് വീക്കിന്റെ മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 11.3 ദശലക്ഷം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഗ്രീൻ കാർഡുകൾ ലഭിക്കുന്നതിനുള്ള ഈ വർധിച്ച വെല്ലുവിളികൾ ലോകമെമ്പാടുമുള്ള വിദഗ്ദ്ധ തൊഴിലാളികളെ ആകർഷിക്കാനുള്ള യുഎസിൻ്റെ കഴിവിനെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി.