
വാഷിങ്‌ടൻ: യുഎസിൽ പ്രായപൂർത്തിയാകാത്തവരിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ. പ്രായപൂർത്തിയാകാത്തവരിൽ ഹോർമോൺ ചികിത്സകളും ലിഗമാറ്റവും നടത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ‘പ്രൊട്ടക്ട് ചിൽഡ്രൻസ് ഇന്നസെൻസ് ആക്ട്’ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. പുതിയ നിയമപ്രകാരം കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നവർക്കോ അതിന് പ്രേരിപ്പിക്കുന്നവർക്കോ 10 വർഷം വരെ തടവോ കനത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. 211നെതിരെ 216 വോട്ടുകൾക്കാണ് ബിൽ വിജയിച്ചത്.
കുട്ടികളുടെ സ്വാഭാവികമായ വളർച്ചയെ ബാധിക്കുന്ന ഇത്തരം ചികിത്സാരീതികൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനിർമാണം. ജനനേന്ദ്രിയ ശസ്ത്രക്രിയകൾ, കെമിക്കൽ കാസ്‌ട്രേഷൻ (രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വന്ധ്യംകരണം) തുടങ്ങിയ ചികിത്സാരീതികളെ നേരിട്ട് ബാധിക്കുന്ന നിയമമാണിത്.
അതേസമയം, ജന്മനായുള്ള വൈകല്യങ്ങൾ പരിഹരിക്കാനോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ വേണ്ടി നടത്തുന്ന ശസ്ത്രക്രിയകളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ അവതരിപ്പിച്ച ഈ ബിൽ ഇനി ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തും. സെനറ്റിൽ കൂടി പാസായാൽ മാത്രമേ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നിയമത്തിൽ ഒപ്പുവെക്കാൻ സാധിക്കൂ.
US House of Representatives passes bill that would punish those who perform or encourage gender reassignment surgery on children with up to 10 years in prison














