ഇന്ത്യക്ക് ഇരട്ട പ്രഹരം ; 50 ശതമാനം തീരുവ പ്രാബല്യത്തില്‍, ഔദ്യോഗിക അറിയിപ്പുമായി യു.എസ് സര്‍ക്കാര്‍

വാഷിങ്ടന്‍: എണ്ണ ഇറക്കുമതി ചെയ്ത് റഷ്യയുമായി വ്യാപാര ബന്ധം നിലനിര്‍ത്തുന്നുവെന്ന് കാട്ടിഇന്ത്യക്ക് ശിക്ഷാപരമായി യുഎസ് ചുമത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തി തുടങ്ങിയത്. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് അധികതീരുവ പ്രാബല്യത്തിലായത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) വഴി ആഭ്യന്തര സുരക്ഷാ വകുപ്പാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

”ഓഗസ്റ്റ് 27ന് യുഎസ് സമയം പുലര്‍ച്ചെ 12:01ന് ശേഷം വില്‍പ്പനക്കായി യുഎസിലേക്ക് എത്തിക്കുന്നതോ വെയര്‍ഹൗസുകളില്‍ നിന്ന് കൊണ്ടുപോകുന്നതോ ആയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മേല്‍ തീരുവകള്‍ പ്രാബല്യത്തില്‍ വരും” യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഉത്തരവില്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പ് ഓഗസ്റ്റ് 6 നായിരുന്നു പ്രസിഡന്റ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ തീരുവ ഉയര്‍ത്തുമെന്ന് ഇന്ത്യക്കു ഭീഷണി നല്‍കിയത്.

ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും ഫലം കണ്ടിട്ടില്ല. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്ന്‍ യുദ്ധത്തിന് റഷ്യക്ക് സഹായം ചെയ്യുകയാണെന്നാണ് ട്രംപിന്റെ വാദം. ഈ വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഇന്ത്യക്ക് ശാസനം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ മുട്ടുമടക്കാതിരുന്ന ഇന്ത്യക്ക് ഇതിനുള്ള പിഴയായാണ് 25 ശതമാനം തീരുവയ്ക്ക് പുറമെ 25 ശതമാനം അധിക ഇറക്കുമതി തീരുവയും യുഎസ് ചുമത്താന്‍ തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. നീക്കം അന്യായമാണെന്ന് പ്രധാന്യമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ദേശീയ താല്‍പ്പര്യം സംരക്ഷിച്ച് മുന്നോട്ടുപോകുമെന്നാണ് ഇന്ത്യയുടെ നിലപാട്.