
വാഷിങ്ടണ്‍ : കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്. വെള്ളിയാഴ്ചയാണ് കൊളംബിയന്‍ പ്രസിഡന്റിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കു തടയാന്‍ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി.
പെട്രോ അധികാരത്തില്‍ വന്നശേഷം കൊളംബിയയിലെ കൊക്കയ്ന്‍ ഉത്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പ്രസ്താവനയിലൂടെ ആരോപിച്ചിരുന്നു. ‘ഉത്പാദിപ്പിക്കുന്ന ലഹരിമരുന്ന് അമേരിക്കയിലേക്ക് ഒഴുക്കുകയും അമേരിക്കക്കാരെ വിഷലിപ്തമാക്കുകയും ചെയ്യുന്നു. പ്രസിഡന്റ് പെട്രോ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് വളരാന്‍ അനുമതി നല്‍കുകയും ഈ പ്രവര്‍ത്തനം തടയാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇന്ന്, പ്രസിഡന്റ് ട്രംപ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനും നമ്മുടെ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് ഞങ്ങള്‍ സഹിക്കില്ലെന്ന് വ്യക്തമാക്കാനും ശക്തമായ നടപടി സ്വീകരിക്കുന്നു’ – ട്രഷറി സെക്രട്ടറി പറഞ്ഞു.
ഇതോടെ അമേരിക്കയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. അമേരിക്കന്‍ നടപടിയ്‌ക്കെതിരെ പെട്രോ രൂക്ഷമായി വിമര്‍ശിച്ചു. ‘പതിറ്റാണ്ടുകളായി മയക്കുമരുന്ന് കടത്തിനെതിരെ ഫലപ്രദമായി പോരാടുന്ന എനിക്ക്, നമ്മള്‍ വളരെയധികം സഹായിച്ച ഒരു സമൂഹത്തിന്റെ സര്‍ക്കാരില്‍ നിന്ന് ഈ നടപടി ലഭിക്കുന്നത് ഒരു വിരോധാഭാസമാണ്. ഇത് പൂര്‍ണമായ വിരോധാഭാസമാണ്, എന്നാല്‍ ഒരു കാല്‍ പോലും പിന്നോട്ടില്ല, ഒരിക്കലും മുട്ടുകുത്തില്ല.’ – പെട്രോ എക്‌സില്‍ കുറിച്ചു.
US imposes sanctions on Colombian president















