
വാഷിംഗ്ടണ്‍ : ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറല്‍ റിസര്‍വ് നിര്‍ണായക പണനയ പ്രഖ്യാപനം എത്തി. പലിശനിരക്ക് 0.25% കുറച്ച് 3.75-4.00 ശതമാനമാക്കി. യുഎസ് ഷട്ട്ഡൗണിനിടെ നടത്തുന്ന ഈ നിര്‍ണായക പ്രഖ്യാപം യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ നിരക്ക് കുറയ്ക്കലാണ്. പലിശ വെട്ടിക്കുറവുകള്‍ പ്രധാനമായും പ്രതീക്ഷകള്‍ക്ക് അനുസൃതമായിരുന്നു. നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിരീക്ഷിക്കുന്ന സിഎംഇ ഫെഡ് വാച്ച് – നിരക്ക് കുറയ്ക്കാനുള്ള സാധ്യത 97.8 ശതമാനം ഉണ്ടെന്ന് ബുധനാഴ്ച പറഞ്ഞിരുന്നു. പ്രതീക്ഷ തെറ്റിക്കാതെയാണ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം എത്തിയത്.
സെപ്റ്റംബര്‍ മാസത്തെ വെട്ടിക്കുറവിനുശേഷം, ഈ വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ സാമ്പത്തിക വിദഗ്ധര്‍ രണ്ട് അധിക നിരക്ക് കുറയ്ക്കലുകള്‍ പ്രതീക്ഷിച്ചിരുന്നു. അതിലൊന്നായിരുന്നു ബുധനാഴ്ചത്തേത്. വര്‍ഷാവസാനത്തോടെ ഗോള്‍ഡ്മാന്‍ സാച്ച്‌സ്, സിറ്റിഗ്രൂപ്പ്, എച്ച്എസ്ബിസി, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയവര്‍ ഇനിയൊരു വെട്ടിക്കുറയ്ക്കലുകള്‍ക്കൂടി പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രവചനങ്ങള്‍ ഉണ്ടായിരുന്നിട്ടും, മറ്റൊരു നിരക്ക് കുറവ് അനിവാര്യമല്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.
‘ഡിസംബറിനെക്കുറിച്ച് ഞങ്ങള്‍ ഒരു തീരുമാനമെടുത്തിട്ടില്ല, സാധ്യതയുള്ള സാമ്പത്തിക സംഭവവികാസങ്ങളോട് സമയബന്ധിതമായി പ്രതികരിക്കും’ ഫെഡറലിന്റെ അടുത്ത നിരക്ക് തീരുമാന യോഗത്തെ പരാമര്‍ശിച്ചുകൊണ്ട് പവല്‍ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പലിശ കുറഞ്ഞാല്‍ യുഎസിലെ ബാങ്ക് നിക്ഷേപം, യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന ആദായനിരക്ക് (ട്രഷറി യീല്‍ഡ്) എന്നിവ അനാകര്‍ഷകമാവുകയും നിക്ഷേപം കൊഴിയുകയും ചെയ്യും.
US interest rate cut by 0.25% as expected.














