
വാഷിംഗ്ടണ്‍: അധികാരമേറ്റതുമുതല്‍ നയങ്ങൾക്കൊണ്ടും ലോകത്തെയാകെ ബാധിക്കുന്ന തീരുവ പ്രഖ്യാപനം കൊണ്ടും ശ്രദ്ധ നേടിയ ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് യുഎസിലെ മുതിര്‍ന്ന നിക്ഷേപകനും കോടീശ്വരനുമായ വാറന്‍ ബഫറ്റ്.
ട്രംപിന്റെ തീരുവകളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, യുഎസ് ‘വ്യാപാരം ഒരു ആയുധമായി’ ഉപയോഗിക്കരുതെന്ന് അദ്ദേഹം ട്രംപിന് ഉപദേശം നല്‍കി. ട്രംപിന്റെ നീക്കത്തെ ‘വലിയ തെറ്റ്’ എന്നും അദ്ദേഹം വിളിച്ചു. ശനിയാഴ്ച ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ ഓഹരി ഉടമകളുടെ യോഗത്തില്‍ സംസാരിക്കവെയാണ് 94 കാരനായ വാറന്‍ വിമര്‍ശന ശരം തൊടുത്തത്.
രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം സന്തുലിതമാക്കുന്നത് അനുയോജ്യമാണെന്നും എന്നാല്‍ ട്രംപ് തന്റെ വിപുലമായ തീരുവകള്‍ ഉപയോഗിച്ച് ഈ വിഷയത്തെ ഉചിതമായി സമീപിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ രാജ്യങ്ങള്‍ സമ്പന്നരായാല്‍ ലോകം കൂടുതല്‍ സുരക്ഷിതമായ സ്ഥലമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി വ്യാപാരം നടത്താന്‍ നമ്മള്‍ നോക്കണം. നമുക്ക് ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുന്നത് നമ്മള്‍ ചെയ്യണം, അവര്‍ അവര്‍ക്ക് ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുന്നത് ചെയ്യണം,’ ട്രംപിന് ഉപദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളായ വാറന്‍, ട്രംപിന്റെ തീരുവകളുടെയും മറ്റ് വ്യാപാര നിയന്ത്രണങ്ങളുടെയും ശക്തമായ എതിര്‍പ്പുകാരനാണ്.