
വാഷിംഗ്ടൺ: ആണവ പദ്ധതിയെക്കുറിച്ച് ഇറാനുമായി നേരിട്ട് ചര്‍ച്ചകൾ നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാൻ ‘വലിയ അപകടത്തിലാകുമെന്നും’എന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ശനിയാഴ്ച ചർച്ചകൾ ആരംഭിക്കുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന് ആണവായുധങ്ങൾ ലഭിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ‘ഞങ്ങൾ അവരുമായി നേരിട്ട് ഇടപെടുകയാണ്. ഒരുപക്ഷേ, ഒരു കരാർ ഉണ്ടാക്കാനും പോകുകയാണ്’. ചർച്ചക്കാർക്ക് ഇറാനുമായി ഒത്തുതീർപ്പിലെത്താൻ കഴിയുന്നില്ലെങ്കിൽ സൈനിക നടപടിക്ക് മുതിരുമോ എന്ന് ചോദിച്ചപ്പോൾ, എങ്കിൽ ഇറാൻ വലിയ അപകടത്തിലാകാൻ പോകുന്നു എന്ന് ട്രംപ് പറയുകയായിരുന്നു.
എന്നാല്‍, അതെന്താണ് എന്ന് പറയാൻ തനിക്ക് താൽപര്യമില്ലെന്നും ട്രംപ് മറുപടി നൽകി. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് കരുതുന്നു. എന്ത് സംഭവിച്ചാലും ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. അതിനുള്ള ചർച്ചകൾ ഉയർന്ന തലത്തിൽ നടക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ എവിടെ നടക്കുമെന്നോ ആരെയാണ് അയക്കുന്നതെന്നോ ഒന്നും ട്രംപ് തുറന്ന് പറഞ്ഞിട്ടില്ല.