
വാഷിംഗ്ടൺ: ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതോടെയാണ് പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ യുഎസ് നൽകിയത്.
പ്രധാന സംഘർഷ മേഖലകൾ, പ്രത്യേകിച്ച് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിക്ക് സമീപവും നിയന്ത്രണ രേഖയിലും (എൽഒസി) ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ പാക്കിസ്ഥാനിലെ യുഎസ് എംബസി അമേരിക്കക്കാരോട് നിർദേശിച്ചു. തീവ്രവാദം, സായുധ സംഘർഷം എന്നിവയുടെ സാധ്യത കാരണം ഈ മേഖലയ്ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ തന്നെ യാത്ര ചെയ്യരുത് (Do Not Travel) എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ യാത്ര പുനഃപരിശോധിക്കുക (Reconsider Travel) എന്ന മുന്നറിയിപ്പ് തുടരുന്നു.
അമേരിക്കൻ പൗരന്മാർ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുനപരിശോധിക്കണം. പാകിസ്ഥാനിൽ ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിൽ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നുണ്ട്. ഇതുവരെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർവകലാശാലകൾ, ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവയടക്കം ഭീകരർ ലക്ഷ്യമിടാൻ സാധ്യതയുണ്ട്. അതിനാൽ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം- അമേരിക്കയുടെ മുന്നറിയിപ്പിൽ പറയുന്നു.