
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള വാർത്താ സമ്മേളനത്തിനിടെ അദാനിക്കെതിരായ കേസിനെ കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ അതൃപ്തിയോടെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തികൾക്കെതിരായ കേസല്ല 2 നേതാക്കൾ ചർച്ച ചെയ്യുന്നതെന്ന് മോദി തുറന്നടിച്ചു. എന്നാല്‍, അഴിമതി എങ്ങനെ വ്യക്തിപരമായ കേസാകുമെന്നാണ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു. ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായി രണ്ടു വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് അമേരിക്കയുടെ തീരുമാനം.
ഏഷ്യയിലെ ഏറ്റവും ധനികനായ, പ്രധാനമന്ത്രിയുടെ സുഹൃത്തായി അറിയപ്പെടുന്ന ഗൗതം അദാനിക്കെതിരായ കേസിൽ നടപടി എടുക്കാൻ പ്രസിഡന്‍റ് ട്രംപിനോട് ആവശ്യപ്പെട്ടോയെന്നായിരുന്നു ചോദ്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ സംസ്കാരമെന്നും മോദി മറുപടി നൽകി. എല്ലാ ഇന്ത്യക്കാരെയും ഞാൻ എന്‍റേതായാണ് കാണുന്നത്. ഇത്തരം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനല്ല രണ്ടു രാഷ്ട്ര നേതാക്കൾ കാണുന്നതും സംസാരിക്കുന്നതെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.
യുഎസ് മാധ്യമപ്രവർത്തകനാണ് അദാനിയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. രോഷവും അതൃപ്തിയും പ്രകടമാക്കിയാണ് നരേന്ദ്ര മോദി ഇതിന് മറുപടി നൽകിയത്. 2 നേതാക്കൾ തമ്മിൽ ഇതല്ല ചർച്ച ചെയ്യുന്നത് എന്ന് വിശദീകരിക്കാൻ നോക്കിയ മോദി, അദാനി തൻറെ മിത്രമാണെന്ന വിശേഷണം ഒഴിവാക്കാനും തള്ളാനുമാണ് ശ്രമിച്ചത്. അദാനിക്കെതിരെ യുഎസ് കോടതിയിലുള്ള കേസിൽ പാർലമെന്‍റിലെ പ്രസംഗത്തിലും മോദി മറുപടി നൽകിയിരുന്നില്ല.