
വാഷിംഗ്ടണ്‍ : ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ നിയമപരമായ പദവി അവസാനിപ്പിക്കുന്നതില്‍ നിന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് യുഎസ് ജഡ്ജി. ട്രംപ് ഭരണകൂടത്തിനേറ്റ വലിയ തിരിച്ചടിയാണിത്. എഫ്-1 സ്റ്റുഡന്റ് വിസയില്‍ രാജ്യത്ത് കഴിയുന്നതും നിയമപരമായ പദവി അവസാനിപ്പിക്കപ്പെട്ടതുമായ ഒരു കൂട്ടം വിദേശ പൗരന്മാര്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ഡിസ്ട്രിക്റ്റ് ജഡ്ജി ജെഫ്രി വൈറ്റ് അനുകൂല നിലപാടെടുത്തത്.
ട്രംപിന്റെ എതിര്‍കക്ഷികളായ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സുരക്ഷയ്ക്കോ ദേശീയ സുരക്ഷയ്ക്കോ നിലവില്‍ ഭീഷണി ഉയര്‍ത്തുന്നവരാണന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് 21 പേജുള്ള തീരുമാനത്തില്‍ വൈറ്റ് പറഞ്ഞു. എന്നാല്‍ ഭരണകൂടത്തിന്റെ നടപടികള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ‘കാര്യമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വൈറ്റിന്റെ വിധി വന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമോ ജോലിയോ തുടരാന്‍ കഴിയുമെന്നതും ആശ്വാസമാണ്.
ഇതോടെ, അന്തിമ വിധി വരുന്നതുവരെ ഇത്തരം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നതിനോ ജയിലിലടയ്ക്കുന്നതിനോ, അവര്‍ താമസിക്കുന്ന അധികാരപരിധിക്ക് പുറത്തേക്ക് മാറ്റുന്നതിനോ ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് കഴിയില്ല.