
വാഷിംഗ്ടണ്‍ : പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ അടച്ചുപൂട്ടലിനിടയില്‍ ഫെഡറല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ താല്‍ക്കാലികമായി തടഞ്ഞ് യുഎസ് ഫെഡറല്‍ ജഡ്ജി. അടച്ചുപൂട്ടല്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴാണ് കോടതിയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.
ആസൂത്രിതമായ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ ശരിയായ പരിഗണനയില്ലാതെയാണ് നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ യുഎസ് ജില്ലാ ജഡ്ജി സൂസന്‍ ഇല്‍സ്റ്റണ്‍ ട്രംപ് ഭരണകൂടത്തെ തടഞ്ഞത്. പല സര്‍ക്കാര്‍ പദ്ധതികളും തടയുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നത് സഹിക്കാന്‍ കഴിയാത്ത ഒന്നാണെന്നും ജഡ്ജി വ്യക്തമാക്കി. ഭരണകൂടത്തിന്റെ പിരിച്ചുവിടല്‍ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രൂപകല്‍പ്പന ചെയ്തതാണെന്നും തൊഴിലാളി യൂണിയനുകള്‍ വാദിച്ചതിനെത്തുടര്‍ന്നാണ് ജഡ്ജി ഇല്‍സ്റ്റണ്‍ ഒരു താല്‍ക്കാലിക നിരോധന ഉത്തരവ് നല്‍കിയിരിക്കുന്നത്.
‘ഡെമോക്രാറ്റുകള്‍ അനുകൂലിക്കുന്ന പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും അവ ഒരിക്കലും തിരിച്ചുവരില്ലെന്നും കഴിഞ്ഞ ദിവസം തന്റെ നടപടികളെ ന്യായീകരിച്ച് ട്രംപ് വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.
പിരിച്ചുവിടലുകള്‍ തൊഴിലാളികളെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള അധികാര ദുര്‍വിനിയോഗമാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസും മറ്റ് യൂണിയനുകളും പുതിയ പിരിച്ചുവിടലുകളും ഇതിനകം പുറപ്പെടുവിച്ചവയും തടയാന്‍ ശ്രമിച്ചിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച പിരിച്ചുവിടല്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങിയിരുന്നു. ഇത് എട്ട് ഏജന്‍സികളിലായി 4,100 ല്‍ അധികം ജീവനക്കാരെയാണ് ബാധിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, പ്രത്യേക സേവനങ്ങള്‍ എന്നിവയിലെ പദ്ധതികളെ ലക്ഷ്യം വച്ചാണ് ഈ നീക്കങ്ങള്‍ നടത്തിയത്.
യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായി ഷട്ട്ഡൗണായി ഇത് മാറുമെന്ന് റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു. ഡെമോക്രാറ്റുകള്‍ അവരുടെ ആവശ്യങ്ങള്‍ നിര്‍ത്തുന്നതുവരെ അദ്ദേഹം ‘ചര്‍ച്ച നടത്തില്ല’ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
US judge blocks Trump from firing government employees; shutdown enters third week