
വാഷിംഗ്ടൺ: മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ തള്ളി യുഎസ് ഫെഡറൽ ജഡ്ജി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർബന്ധപ്രകാരം ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയ പ്രോസിക്യൂട്ടറെ നീതിന്യായ വകുപ്പ് നിയമവിരുദ്ധമായി നിയമിച്ചതാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കുള്ള ഞെട്ടിപ്പിക്കുന്ന തിരിച്ചടിയാണ് യുഎസ് ജില്ലാ ജഡ്ജി കാമറൂൺ മക്‌ഗോവൻ ക്യൂറിയുടെ വിധിന്യായങ്ങൾ.
“എനിക്കെതിരായ കേസ് കോടതി അവസാനിപ്പിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്, അത് ദ്രോഹവും കഴിവില്ലായ്മയും അടിസ്ഥാനമാക്കിയുള്ള ഒരു പ്രോസിക്യൂഷനായിരുന്നു,” കോമി പറഞ്ഞതായി റോയിട്ടേഴ്‌സ് ഉദ്ധരിച്ചു. കോമിയും ലെറ്റീഷ്യ ജെയിംസും വളരെക്കാലമായി ട്രംപിന്റെ വിമർശകരാണ്.
ട്രംപ് ഭരണകൂടത്തിന്റെ നിയമന രീതി കാരണം പ്രോസിക്യൂട്ടറായ ലിൻഡ്സെ ഹാലിഗനെ അയോഗ്യയാക്കിയെന്നും കോടതി വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന്, കോമിക്കും ജെയിംസിനും എതിരെ കുറ്റപത്രം സമർപ്പിക്കാൻ യുഎസ് ഭരണകൂടം നിർബന്ധിച്ച ലിൻഡ്സെ സെപ്റ്റംബറിലാണ് നിയമിതയായത്.
പ്രോസിക്യൂട്ടറായിരുന്ന സീബർട്ട് രാജിവച്ചതിനുശേഷം, ഒഴിവ് നികത്താൻ ഫെഡറൽ കോടതി ജില്ലയിലെ ജഡ്ജിമാർക്ക് പ്രത്യേക അവകാശം ഉണ്ടെന്നിരിക്കെ പകരം, ട്രംപ് ലിൻഡ്സെ ഹാലിഗനെ നാമനിർദ്ദേശം ചെയ്യുകയായിരുന്നുവെന്ന് കോമിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
US judge dismisses criminal cases against James Comey and Leticia James.















