യുഎസില്‍ തുടരുന്നതിന് ഗ്രീന്‍ കാര്‍ഡ് ഒരു ഗ്യാരണ്ടിയല്ല, യുഎസ് നിയമങ്ങള്‍ കൃത്യമായി പാലിക്കണം ഇല്ലെങ്കില്‍…ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ആശങ്കയിലായത് അമേരിക്കയിലെ വിവിധ കുടിയേറ്റക്കാരാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് ഉടമകളായ ഇന്ത്യക്കാരടക്കമുള്ള ആളുകള്‍ക്കിടയില്‍ പരിശോധന നടത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ നിങ്ങളും നിയമത്തിന് അതീതരല്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അവരുടെ ക്രിമിനല്‍ റെക്കോര്‍ഡ് അടിസ്ഥാനമാക്കി അധികാരികള്‍ക്ക് അനുയോജ്യമെന്ന് തോന്നിയാല്‍ അവരുടെ നിയമപരമായ പൗരത്വം റദ്ദാക്കാമെന്നാണ് മുന്നറിയിപ്പിലുള്ളത്. ‘നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ പ്രകാരം, നമ്മുടെ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്താല്‍ നിങ്ങളുടെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കാന്‍ നമ്മുടെ സര്‍ക്കാരിന് അധികാരമുണ്ട്,’ സിബിപി എക്സില്‍ പോസ്റ്റ് ചെയ്തു.

‘ഒരു ക്രിമിനല്‍ ചരിത്രം ഉണ്ടായിരിക്കുന്നത് നിയമപരമായ സ്ഥിര താമസത്തെ വെല്ലുവിളിക്കുമെന്നും ഒരു ഗ്രീന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നത് ഒരു അവകാശമല്ല, ഒരു പദവി മാത്രമാണെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ‘കുടിയേറ്റം നീക്കം ചെയ്യല്‍ നടപടികള്‍ക്ക് പുറമേ, മുന്‍ ക്രിമിനല്‍ കുറ്റക്കാരായ യുഎസ് പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ ഹാജരാകുന്ന നിയമപരമായ സ്ഥിര താമസക്കാരെ നിര്‍ബന്ധിത തടങ്കലിന് വിധേയമാക്കിയേക്കാം.’ എന്നും മുന്നറിയിപ്പുണ്ട്. യുഎസില്‍ തുടരുന്നതിന് ഗ്രീന്‍ കാര്‍ഡ് ഒരു ഗ്യാരണ്ടിയല്ലെന്ന് സിബിപി ആവര്‍ത്തിച്ചു

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമല്ല. രാജ്യത്തുടനീളമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ വന്‍തോതിലുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ, ഗ്രീന്‍ കാര്‍ഡ് ഉടമകളെയും പ്രോസിക്യൂട്ട് ചെയ്ത് നാടുകടത്താമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു.

അമേരിക്കയില്‍ സ്ഥിര താമസമാക്കാന്‍ കഴിയുന്ന പെര്‍മിഷനാണ് ഗ്രീന്‍കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ പൗരത്വത്തിന് തൊട്ടുമുമ്പുള്ള ഘട്ടമായിട്ടാണ് ഗ്രീന്‍ കാര്‍ഡ് കണക്കാക്കപ്പെടുന്നത്. അമേരിക്കയിലെ ഗ്രീന്‍കാര്‍ഡ് ഉടമകള്‍ക്ക് മറ്റ് കുടിയേറ്റക്കാരില്‍ നിന്ന് വ്യത്യസ്തമായ അവകാശങ്ങള്‍ ഉണ്ട്. നാടുകടത്തല്‍ ഭീഷണി നേരിട്ടാല്‍ നിയമപരമായി നേരിടാനാകും.

കണക്കുകള്‍ പ്രകാരം 2024 ജനുവരി 1 വരെ യുഎസില്‍ 12.8 ദശലക്ഷം നിയമാനുസൃത സ്ഥിരതാമസക്കാര്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ താമസിക്കുന്നുണ്ട്.

More Stories from this section

family-dental
witywide