ബീഫ് ബർഗർ കഴിച്ചതിന് പിന്നാലെ യുഎസിൽ അലർജി ബാധിച്ച് 47കാരന്‍റെ മരണം; ഗുരുതര കണ്ടെത്തൽ, അലർജിക്ക് കാരണം ആൽഫാ-ഗാൽ സിൻഡ്രോം

വാഷിംഗ്ടണ്‍: ബീഫ് ബർഗർ കഴിച്ചതിനെ തുടർന്ന് അലർജി ബാധിച്ച് അമേരിക്കയിൽ ഒരു യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകൾ. ന്യൂജേഴ്‌സിയിലെ 47 കാരനായ ഇദ്ദേഹത്തിന്‍റെ മരണത്തിന് കാരണം റെഡ് മീറ്റ് അലർജിയായ ആൽഫാ-ഗാൽ സിൻഡ്രോം ആണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2024-ലാണ് ഇദ്ദേഹം മരിച്ചതെങ്കിലും നീണ്ട പരിശോധനകൾക്കൊടുവിലാണ് യഥാർത്ഥ കാരണം തിരിച്ചറിഞ്ഞത്.

ചെള്ള് കടിയിലൂടെ പകരുന്ന അപൂർവ അലർജിയാണ് ആൽഫാ-ഗാൽ സിൻഡ്രോം. ഒരു ഹോട്ടലിൽ നിന്ന് ബീഫ് ബർഗർ കഴിച്ച് കുറച്ച് മണിക്കൂറുകൾക്കകം ഇദ്ദേഹത്തിന് കടുത്ത അലർജി ലക്ഷണങ്ങൾ പ്രകടമായി. ഛർദ്ദിലും മറ്റ് പ്രശ്നങ്ങളും ആരംഭിച്ചു, പിന്നീട് മരണപ്പെടുകയായിരുന്നു. ഓട്ടോപ്സിയിൽ ഹൃദയം, ശ്വാസകോശം, കരൾ, നാഡീവ്യവസ്ഥ, ആമാശയ അവയവങ്ങൾ തുടങ്ങിയവയിൽ ഗുരുതരമായ തകരാറുകളൊന്നും കണ്ടെത്തിയില്ല. അവസാനം മരിച്ചയാളുടെ ഭാര്യയുടെ സുഹൃത്തായ ഡോ. എറിൻ മക്‌ഫീലി സംശയം പ്രകടിപ്പിച്ച് വിർജീനിയയിലെ യുവിഎ ഹെൽത്തിലെ ഗവേഷകരുമായി ബന്ധപ്പെട്ടു.

ഇവർ ഓട്ടോപ്സി റിപ്പോർട്ട് വിശദമായി പരിശോധിച്ചതോടെയാണ് ആൽഫാ-ഗാൽ സിൻഡ്രോം മൂലമുള്ള അനാഫൈലാക്സിസ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ലോൺ സ്റ്റാർ ടിക് തുടങ്ങിയ ചിലയിനം ചെള്ളുകൾ കടിക്കുമ്പോൾ അവയിലെ ആൽഫാ-ഗാൽ എന്ന ഷുഗർ തന്മാത്ര ശരീരത്തിലെത്തുന്നു. ഇതോടെ പ്രതിരോധസംവിധാനം റെഡ് മീറ്റിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ആൽഫാ-ഗാലിനോട് അമിതമായി പ്രതികരിക്കാൻ തുടങ്ങും.

ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയവ കഴിച്ചാൽ രോഗമുള്ളവർക്ക് തീവ്രമായ അലർജി ഉണ്ടാകാം. നിലവിൽ ആൽഫാ-ഗാൽ സിൻഡ്രോമിന് പ്രത്യേക ചികിത്സയൊന്നുമില്ല. രോഗം സ്ഥിരീകരിച്ചാൽ എല്ലാ തരം റെഡ് മീറ്റും പാലുൽപ്പന്നങ്ങളും പൂർണമായി ഒഴിവാക്കുക മാത്രമാണ് ശാസ്ത്രജ്ഞർ നൽകുന്ന ഉപദേശം.

More Stories from this section

family-dental
witywide