ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ന് ഉച്ചയോടെ അമൃത്സറിലെത്തും, ഭൂരിഭാഗം പേരും പഞ്ചാബില്‍ നിന്നുള്ളവര്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ന് ഉച്ചയോടെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലെത്തും. യുഎസില്‍ നിന്നും 205 ഇന്ത്യക്കാരാണ് സൈന്യത്തിന്റെ സി27 വിമാനത്തില്‍ തിരിച്ചെത്തുന്നത്. വിമാനത്തില്‍ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് അറിയിച്ചു.

അതേസമയം, യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എന്‍ആര്‍ഐ മന്ത്രി കുല്‍ദീപ് സിങ് ധലിവാള്‍ പ്രതികരിച്ചു. യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ആകെയുള്ള 15 ലക്ഷം പേരില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ല്‍ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്.