
വാഷിംഗ്ടൺ: അമേരിക്കയിലെ ഏരിയ 51 ൽ നിന്ന് പുറത്തുവന്ന ‘പറക്കുംതളിക’ വാർത്തകൾ യുഎസ് സൈന്യത്തിന്‍റെ വെറും നിറംപിടിപ്പിച്ച കഥയെന്ന് റിപ്പോര്‍ട്ട്. ആർക്കും പ്രവേശനമില്ലാത്ത, ലോകത്തെ ഏറ്റവും നിഗൂഢവും ദുരൂഹവുമായ ഇടമാണ് അമേരിക്കയിലെ ഏരിയ 51. യുഎസ് സംസ്ഥാനമായ നെവാദയിലെ ഏരിയ 51ൽ പലയിടങ്ങളിൽ പലഘട്ടങ്ങളിലായി അന്യഗ്രഹ ജീവികളെ കണ്ടെന്ന വാർത്തകൾ നിരന്തരം സൃഷ്ടിച്ചത് ശീതയുദ്ധകാലത്തെ സൈനിക പദ്ധതികൾ മറയ്ക്കാനെന്നാണ് റിപ്പോര്‍ട്ടുകൾ. 1980കളിൽ ഒരു വ്യോമസേനാ കേണലിനെ ഇതിനായി യുഎസ് പ്രതിരോധവകുപ്പ് ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.
എഫ് 117 നൈറ്റ്തോക് വിമാന പരീക്ഷണമടക്കം സൈനിക പദ്ധതികൾക്ക് ‘പറക്കും തളികകളെ’ അവതരിപ്പിക്കൽ എളുപ്പമാകുമെന്നും സോവിയറ്റ് നിരീക്ഷണം ഒഴിവാക്കാമെന്നും കണക്കുകൂട്ടിയാണ് ഇതെല്ലാം ചെയ്തത്. 2022ൽ അന്യഗ്രഹ ജീവികളെക്കുറിച്ച റിപ്പോർട്ടുകളുടെ സാധുത പരിശോധിക്കാൻ സീൻ കിർക്പാട്രികിനെ നിയമിച്ചിരുന്നു. അന്വേഷണത്തിൽ ഇത്തരം വാർത്തകളുടെ പ്രഭവകേന്ദ്രം പെന്‍റഗൺ തന്നെയാണെന്ന് കണ്ടെത്തി. ഇങ്ങനെ കഥകളുണ്ടാക്കുന്നത് പൂർണമായി അവസാനിപ്പിക്കാൻ 2023ൽ പെന്‍റഗൺ നിർദേശിക്കുകയായിരുന്നു. 1980-കളില്‍, ഒരു അമേരിക്കന്‍ എയര്‍ഫോഴ്സ് കേണല്‍, പറക്കുംതളികകള്‍ എന്ന് വിളിക്കപ്പെടുന്നവയുടെ ഫോട്ടോകള്‍ ഏരിയ 51 ബേസിനടുത്തുള്ള ഒരു പബ് ഉടമയ്ക്ക് നല്‍കുകയും പബില്‍ സ്ഥാപിക്കുകയും ചെയ്തു. അത് ഏരിയ 51-ല്‍ അന്യഗ്രഹ യുഎഫ്ഒകളെക്കുറിച്ചുള്ള ഒരു ഐതിഹ്യത്തിന് തുടക്കമിട്ടു. അമേരിക്കന്‍ സര്‍ക്കാര്‍ അതീവ രഹസ്യമായ യുദ്ധവിമാനങ്ങളായ ഏരിയ 51 വികസിപ്പിക്കുന്നുണ്ടെന്ന വസ്തുത മറച്ചുവെക്കാനാണ് ഇതെല്ലാം ചെയ്തതെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.