വിമർശനങ്ങളിലും കുലുങ്ങാതെ ട്രംപ് ഭരണകൂടം, പസഫിക് സമുദ്രത്തിൽ യുഎസ് വ്യോമാക്രമണം; മൂന്ന് മയക്കുമരുന്ന് കടത്ത് ബോട്ടുകൾ തകർത്തു

വാഷിംഗ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങളുടേതെന്ന് സംശയിക്കുന്ന മൂന്ന് ബോട്ടുകൾക്ക് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. യുഎസ് സതേൺ കമാൻഡ് ആണ് തിങ്കളാഴ്ച നടന്ന ഈ സൈനിക നടപടിയുടെ വിവരം പുറത്തുവിട്ടത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ‘ജോയിൻ്റ് ടാസ്‌ക് ഫോഴ്‌സ് സതേൺ സ്പിയർ’ ആണ് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ഈ മാരകമായ ആക്രമണം നടത്തിയത്.

ട്രംപ് ഭരണകൂടം മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ആവിഷ്കരിച്ച ശക്തമായ സൈനിക നീക്കമാണ് ‘ഓപ്പറേഷൻ സതേൺ സ്പിയർ’. കിഴക്കൻ പസഫിക്കിലെ പ്രമുഖ മയക്കുമരുന്ന് കടത്ത് പാതകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഈ ബോട്ടുകൾ ഭീകര സംഘടനകളുമായി ബന്ധമുള്ളവയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു.
ഈ പ്രത്യേക ക്യാമ്പയിന്‍റെ ഭാഗമായി ഇതുവരെ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി ഉയർന്നു. ഏറ്റവും ഒടുവിൽ ഡിസംബർ 4-ന് നടന്ന സമാനമായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

മയക്കുമരുന്ന് കടത്ത് തടയാൻ ബോട്ടുകൾക്ക് നേരെ സൈനികാക്രമണം നടത്തുന്ന ട്രംപ് ഭരണകൂടത്തിൻ്റെ ഈ ‘അക്രമാസക്തമായ’ നയത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. സിവിൽ നിയമങ്ങൾ പാലിക്കുന്നതിന് പകരം സൈനികശക്തി ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഈ ആക്രമണത്തോടെ വീണ്ടും സജീവമായിരിക്കുകയാണ്.

More Stories from this section

family-dental
witywide