
കാരക്കാസ് : നിക്കോളാസ് മഡുറോയെ സ്ഥാന ഭ്രഷ്ടനാക്കാനുള്ള നീക്കങ്ങൾ ഓരോന്നായി പുറത്തെടുത്ത് യു.എസ്. വെനസ്വേലയുമായി ബന്ധമുള്ള രണ്ട് എണ്ണ ടാങ്കറുകളെ പിടിച്ചെടുത്തതിന് പിന്നാലെ മൂന്നാമത്തെ എണ്ണ ടാങ്കറിനെയും യുഎസ് കോസ്റ്റ് ഗാർഡ് പിന്തുടരുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
‘ബെല്ല 1’ (Bella 1) എന്ന ടാങ്കറിനെയാണ് യുഎസ് പിന്തുടരുന്നത്. ഈ കപ്പൽ വ്യാജ പതാക ഉപയോഗിച്ചാണ് യാത്രചെയ്യുന്നതെന്നും കപ്പലിനെ പിടിച്ചെടുക്കാൻ കോടതി ഉത്തരവുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കരീബിയൻ കടലിൽ അന്താരാഷ്ട്ര ജലാതിർത്തിയിലാണ് നിലവിൽ ഈ പിന്തുടരൽ നടക്കുന്നത്. കപ്പലിൽ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ പ്രവേശിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെനസ്വേലയുടെ ഉപരോധം മറികടക്കാൻ സഹായിക്കുന്ന ‘ഡാർക്ക് ഫ്ലീറ്റ്’ (Dark fleet) വിഭാഗത്തിൽപ്പെട്ട കപ്പലാണിതെന്നും ഇറാനിയൻ എണ്ണ കടത്തിയതുമായി ബന്ധപ്പെട്ട് ഈ കപ്പലിന് മേൽ നേരത്തെ തന്നെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും യുഎസ് ആരോപിക്കുന്നു.
വെനിസ്വേലയിൽ നിന്നുള്ളതും അങ്ങോട്ടേക്ക് പോകുന്നതുമായ ഉപരോധിക്കപ്പെട്ട എണ്ണ ടാങ്കറുകൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ‘സമ്പൂർണ്ണ ഉപരോധം’ (Blockade) ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ മാസം മാത്രം ഇതിനകം രണ്ട് കപ്പലുകൾ യുഎസ് പിടിച്ചെടുത്തത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ധനസഹായം നൽകാൻ വെനസ്വേല എണ്ണ പണം ഉപയോഗിക്കുന്നതായി വാഷിംഗ്ടൺ ആരോപിച്ചു. എന്നാൽ അമേരിക്കയുടെ ഈ നടപടിയെ ‘മോഷണമെന്നും തട്ടിക്കൊണ്ടുപോകലെന്നും’ വിശേഷിപ്പിച്ച വെനസ്വേലൻ സർക്കാർ, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
US moves to seize third oil tanker linked to Venezuela, ‘Bella 1’














