
വാഷിംഗ്ടൺ: ഗാസയിലെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥലത്ത് ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ രണ്ട് അമേരിക്കൻ സഹായ പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ ഹമാസിനെ കുറ്റപ്പെടുത്തി യുഎസ്. പരിക്കേറ്റ അമേരിക്കക്കാർക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നുവെന്നും യുഎസ്-ഇസ്രായേൽ പിന്തുണയുള്ള ജിഎച്ച്എഫ് ഒരു പ്രസ്താവനയിൽ അറിയിച്ചു. ആദ്യ വിവരങ്ങൾ അനുസരിച്ച് രണ്ട് അക്രമികളാണ് ഗ്രനേഡുകൾ എറിഞ്ഞ് അമേരിക്കക്കാർക്ക് നേരെ ആക്രമണം നടത്തിയത്. ആയിരക്കണക്കിന് ഗാസക്കാർക്ക് സുരക്ഷിതമായി ഭക്ഷണം ലഭിച്ച ഒരു വിതരണത്തിന്‍റെ വിജയകരമായ സമാപനത്തിലായിരുന്നു ഈ ആക്രമണം
ഗാസക്കാർക്ക് ആശ്വാസം എത്തിക്കുന്ന ആളുകൾക്കെതിരെ നടന്ന ഈ അക്രമം ഹമാസിന്‍റെ അധഃപതനം വ്യക്തമാക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. ജിഎച്ച്എഫ് 62 ദശലക്ഷത്തിലധികം പേര്‍ക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. ഈ ധീരരായ സഹായ പ്രവർത്തകരെ ഒരു ശക്തിക്കും തടയാൻ കഴിയില്ല. പരിക്കേറ്റ അമേരിക്കക്കാർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നവെന്നും ടാമി കൂട്ടിച്ചേര്‍ത്തു. ഗാസയിൽ സഹായ വിതരണം അട്ടിമറിച്ചതിന് ഭീകര സംഘടനകളെ ഇസ്രായേൽ സൈന്യം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.