
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ നേവൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ തയ്യാറെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ ഉദ്യോഗസ്ഥർ. ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചതിനെ തുടർന്നാണ് നടപടി. ഇറാൻ സൈന്യം കഴിഞ്ഞ മാസത്തിൽ പേർഷ്യൻ ഗൾഫിലെ കപ്പലുകളിൽ നാവിക മൈനുകൾ കയറ്റുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന ഒന്നാണ് ഇത്. രഹസ്യാന്വേഷണ വിഭാഗം വഴിയാണ് വിവരങ്ങൾ ലഭിച്ചതെന്നും ഇസ്രയേൽ ജൂൺ 13 ന് ഇറാനെതിരെ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തയ്യാറെടുപ്പുകൾ നടന്നതെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കയുടെ ഇറാനിയൻ കപ്പലുകളിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെങ്കിലും സാറ്റലൈറ്റ് ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സാധാരണ ഗതിയിൽ വിവരങ്ങൾ ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെ പുതിയ വെളിപ്പെടുത്തലിൽ പെൻ്റഗണോ ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ പ്രതിനിധിയോ പ്രതികരിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയാണ് ആഗോള തലത്തിൽ എണ്ണയുടെയും ഗ്യാസിന്റെയും കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് പാതയിൽ മൈനുകൾ സ്ഥാപിക്കുക എന്ന ഗൗരവകരമായ തീരുമാനമാണ് എടുത്തതെന്നും മൈനുകൾ കപ്പലിൽ കയറ്റിയെങ്കിലും ഇറാൻ പക്ഷെ അത് ഹോർമുസിൽ സ്ഥാപിച്ചിരുന്നില്ല. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നെങ്കിൽ സംഘർഷം വർദ്ധിക്കുകയും ആഗോള വാണിജ്യത്തെ ബാധിക്കുന്ന നിലയിലേയ്ക്ക് എത്തുമായിരുന്നുവെന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ 22 ന് അമേരിക്ക ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ശേഷം എണ്ണവില 10% ത്തിലധികം ഇടിഞ്ഞിരുന്നു. എങ്കിലും എണ്ണ വ്യാപാരത്തിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. അമേരിക്ക ആക്രമണം നടത്തിയതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം തടയാനുള്ള നടപടിയെ ഇറാൻ പാർലമെൻ്റ് പിന്തുണച്ചിരുന്നതായും എന്നാൽ ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലാണെന്ന് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഇറാൻ്റെ ദേശീയ മാധ്യമം വ്യക്തമാക്കിയിരുന്നു.










