
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കിരീടമണിഞ്ഞ് സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ്. നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അല്‍കാരസ് തോല്‍പിച്ചത്. നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടം വിജയിച്ചത്. സ്‌കോര്‍ 26, 63, 16, 46. അല്‍കാരസിന്റെ കരിയറിലെ ആറാം ഗ്രാന്‍ഡ്‌സ്‌ലാം നേട്ടം കൂടിയാണിത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അല്‍കാരസ് മേധാവിത്വം സ്ഥാപിച്ചായിരുന്നു മുന്നേറ്റം. ഇടയ്ക്ക് സിന്നര്‍ ഒരു തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയം കാണാതെ മടങ്ങേണ്ടി വന്നു. 39 മിനിറ്റ് നീണ്ട ആദ്യ സെറ്റ് അല്‍കാരസ് 26ന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ പോയിന്റ് സ്വന്തമാക്കിയ സിന്നര്‍ അല്‍കാരസിന് കടുത്ത വെല്ലുവിളിയുയര്‍ത്തി. രണ്ടാം സെറ്റ് 63ന് സിന്നര്‍ വിജയിച്ചു. അല്‍കാരസിന് ഫൈനലില്‍ നിലവിലെ ചാംപ്യനെതിരെ രണ്ടാം സെറ്റില്‍ കാലിടറി. എന്നാല്‍ മൂന്നാം സെറ്റിന്റെ തുടക്കം മുതല്‍ എല്ലാം തിരിച്ചുപിടിച്ചായിരുന്നു അല്‍കാരസിന്റെ മുന്നേറ്റം. വെറും 29 മിനിറ്റില്‍ മൂന്നാം സെറ്റിലെ വിജയം കണ്ടു. 46ന് നാലാം സെറ്റ് സ്വന്തമാക്കി അല്‍കാരസ്, നിലവിലെ ചാംപ്യനെ തോല്‍പിച്ച് സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടം വിജയിക്കുകയായിരുന്നു.
2022 ല്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പിച്ചാണ് കാര്‍ലോസ് അല്‍കാരസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. 2022ല്‍ ക്വാര്‍ട്ടറില്‍ സിന്നറിനെ തോല്‍പിച്ചായിരുന്നു അല്‍കാരസിന്റെ സെമി ഫൈനല്‍ പ്രവേശം.
ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഗ്രാന്‍ഡ്‌സ്‌ലാം ഫൈനലില്‍ അല്‍കാരസും സിന്നറും നേര്‍ക്കുനേര്‍ വരുന്നത്. ഒരു സിംഗിള്‍ സീസണിലെ മൂന്ന് ഗ്രാന്‍ഡ്സ്‌ലാം ഫൈനലുകളില്‍ ഒരേ പുരുഷ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ടെന്നിസില്‍ ചരിത്രം കുറിക്കുകയും ചെയ്തു.
കളി വൈകിപ്പിച്ച് ട്രംപ്, വില്ലനായത് അതീവ സുരക്ഷ
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അധിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കാര്‍ലോസ് അല്‍കാരസും യാനിക് സിന്നറും തമ്മിലുള്ള യുഎസ് ഓപ്പണ്‍ പുരുഷ ഫൈനല്‍ 30 മിനിറ്റാണ് വൈകിയത്.
ന്യൂയോര്‍ക്കില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:00 ന് മത്സരം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിന് പുറത്ത് വലിയ സുരക്ഷാ കാരണങ്ങളാല്‍ നീണ്ട ക്യൂ ഉണ്ടായിരുന്നതിനാല്‍ മത്സരം മാറ്റിവച്ചു. ട്രംപിന്റെ വരവോടെ ബില്ലി ജീന്‍ നാഷണല്‍ ടെന്നീസ് സെന്ററില്‍ സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. വിമാനത്താവളങ്ങളിലുള്ളതിനു സമാനമായ സ്‌കാനറുകള്‍ സ്ഥാപിച്ചിരുന്നു. അധിക സുരക്ഷാ നടപടികളെക്കുറിച്ച് സംഘാടകര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് കളി കാണാനെത്തിയ നിരവധിപേര്‍ പരാതിപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ആരാധകരെ കൊണ്ട് നിറഞ്ഞ ഒരു സ്റ്റേഡിയത്തില്‍, താഴെയുള്ള കാണികള്‍ക്ക് നേരെ കൈകള്‍ ഉയര്‍ത്തിയാണ് ട്രംപ് എത്തിയത്. യുഎസ് ഓപ്പണ്‍ സംഘാടകര്‍ ഫൈനല്‍ മത്സരത്തിനിടെ ട്രംപിനെതിരെയുള്ള പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കാട്ടരുതെന്ന് പരിപാടി പ്രക്ഷേപണം ചെയ്യുന്നവരോട് ആവശ്യപ്പെട്ടിരുന്നു.