മോദി യുഎസിലേക്ക് പറക്കുംമുമ്പ് കുടിയേറ്റക്കാര്‍ ഇന്ത്യയിലേക്ക്, 205 പേരുമായി ടെക്‌സാസില്‍ നിന്ന് സൈനിക വിമാനം പറന്നുയര്‍ന്നു, ഔദ്യോഗിക സ്ഥിരീകരണം

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റത്തിനെതിരെയുള്ള കര്‍ശന നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരെ യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി ഔദ്യോഗിക സ്ഥിരീകരണം.

അനധികൃതമായി യുഎസില്‍ പ്രവേശിച്ച 205 ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചയോടെ ടെക്‌സാസില്‍ നിന്ന് പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തിലാണ് നാടുകടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ അറിവോടെയാണ് പ്രക്രിയകള്‍ നടക്കുന്നതെന്നും നാടുകടത്തപ്പെട്ട ഓരോ ഇന്ത്യന്‍ പൗരനെയും പരിശോധിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. യുഎസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്ന ആദ്യ വിമാനമാണ് ഇന്ന് പറന്നുയര്‍ന്നത്. യുഎസ് വ്യോമസേന സി -17 വിമാനത്തില്‍ 205 യാത്രക്കാര്‍ക്കുംകൂടി ഒരു ടോയ്ലറ്റ് സൗകര്യം മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസ് ഉള്‍പ്പെടെ വിദേശത്ത് ‘നിയമവിരുദ്ധമായി’ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ‘നിയമപരമായ തിരിച്ചുവരവിന്’ ന്യൂഡല്‍ഹി തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ വേഗത്തിലുള്ള നടപടി. ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.