”അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരനുമില്ല, കൂട്ടത്തോടെ നാടുകടത്തണം”- കത്തിക്കയറി ഫ്‌ലോറിഡ കൌൺസിലറുടെ വാക്കുകൾ; വ്യാപക പ്രതിഷേധം

വാഷിങ്ടന്‍: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന ആവശ്യം ഉന്നയിച്ച് വിവാദത്തിലായി ഫ്‌ലോറിഡ സംസ്ഥാനത്തെ കൗണ്‍സിലറായ ചാന്‍ഡ്‌ലര്‍ ലാംഗെവിന്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് ലാംഗെവിന്‍. അമേരിക്ക അമേരിക്കക്കാര്‍ക്കുമാത്രമുള്ളതാണെന്നും അദ്ദേഹം ഒന്നിലധികം പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹം വ്യാപക വിമര്‍ശനവും നേരിടുന്നുണ്ട്. ശനിയാഴ്ച അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സിറ്റി കൗണ്‍സിലും വിമര്‍ശനമുന്നയിച്ചിരുന്നു. അദ്ദേഹത്തെ താക്കീതു ചെയ്യുകയും ഇനി ഏതെങ്കിലും കാര്യങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്‍പ് ലാംഗെവിന്‍ സമവായം നേടിയെടുക്കണമെന്നും ഇല്ലെങ്കില്‍ സിറ്റി കൗണ്‍സിലില്‍ അവതരിപ്പിക്കാനാകില്ലെന്നുമാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ, കൗണ്‍സിലിലെ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് ലാംഗെവിനെ വിലക്കുകയും കമ്മിറ്റികളില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്‌തെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാദങ്ങളെത്തുടര്‍ന്ന് തന്റെ ഒരു പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു. അദ്ദേഹം പദവി രാജിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

”അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരനുമില്ല. അവര്‍ നമ്മളെ സാമ്പത്തികമായി ചൂഷണം ചെയ്യാനും ഇന്ത്യയെയും ഇന്ത്യക്കാരെയും സമ്പന്നരാക്കാനുമാണ് ഇവിടെയുള്ളത്. അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്”ഡിലീറ്റ് ചെയ്ത പോസ്റ്റുകളില്‍ ഒന്നില്‍ ലാംഗെവിന്‍ കുറിച്ചതിങ്ങനെ. ഒക്ടോബർ 2 ന് പങ്കുവെച്ച ഒരു പോസ്റ്റിൽ, ഇന്ന് തൻ്റെ ജന്മദിനമാണെന്നും എല്ലാ ഇന്ത്യക്കാരുടെയും വിസകൾ റദ്ദാക്കുക എന്നതാണ് “ജന്മദിന ആഗ്രഹം” എന്നും ലാംഗെവിൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ഈ പോസ്റ്റും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, തിരിച്ചടികളെത്തുടര്‍ന്ന്, തന്റെ പരാമര്‍ശങ്ങള്‍ താല്‍ക്കാലിക വിസ ഉടമകളെക്കുറിച്ചാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെക്കുറിച്ചല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

US politician Chandler Langevin criticized for calling for mass deportation of Indians.

More Stories from this section

family-dental
witywide