
വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന സമ്മർദ്ദ നീക്കത്തിലൂടെ വെനിസ്വേലയിൽ ഭരണമാറ്റത്തിന് ഡോണൾഡ് ട്രംപ് ഭരണകൂടം നീക്കങ്ങൾ ഊർജിതമാക്കിയെന്ന് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് സൈനികരെയും ഒരു വിമാനവാഹിനിക്കപ്പലും കരീബിയൻ പ്രദേശത്തേക്ക് മാറ്റുകയും ചെയ്തതോടെ സമ്മർദ്ദം വർധിപ്പിക്കുന്ന നീക്കമാണ് യുഎസ് മുന്നോട്ടുവെച്ചത്.
വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്നും നീക്കിയാൽ തുടർന്നുള്ള പദ്ധതികൾ അതീവ രഹസ്യമായി വൈറ്റ് ഹൗസിൽ തയ്യാറാക്കുന്നുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ടു ചെയ്തത്. മഡുറോ രാജ്യം വിടുകയോ സൈനിക നടപടിയെ തുടർന്ന് സ്ഥാനമൊഴിയാൻ നിർബന്ധിതനാവുകയോ ചെയ്താൽ ഉണ്ടാകുന്ന അധികാര പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്ത് സ്ഥിരത കൊണ്ടുവരാനും യുഎസിന് എങ്ങനെയെല്ലാം ഇടപെടാം എന്നതിനെക്കുറിച്ചുള്ള പല പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നതെന്നും സിഎൻഎൻ റിപ്പോർട്ടിലുള്ളത്. മഡുറോയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
കരീബിയനിലെ സൈനിക വിന്യാസത്തിന്റെയും മയക്കുമരുന്ന് ബോട്ട് ആക്രമണങ്ങളുടെയും ലക്ഷ്യം യുഎസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുക എന്നതാണ് എന്ന് ഉദ്യോഗസ്ഥർ പരസ്യമായി പറയുന്നു. എന്നാൽ, മഡുറോയെ പുറത്താക്കാനുള്ള ട്രംപിന്റെ വ്യക്തമായ സൂചനയാണിതെന്ന് ഭരണകൂട ഉദ്യോഗസ്ഥർ സ്വകാര്യമായി അംഗീകരിച്ചിട്ടുണ്ട് എന്ന് സിഎൻഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
US preparing future plans for Venezuela, report says.














