രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്, ”ബൈഡൻ ഭരണകൂടത്തിനുകീഴിൽ അമേരിക്ക പരിഹസിക്കപ്പെട്ടു, കഴിഞ്ഞ 11 മാസമായി അമേരിക്കയ്ക്ക് നല്ല മാറ്റം, നിയമവിരുദ്ധമായി ആരും ഇവിടേക്ക് എത്തില്ല, തീരുവ നേട്ടമുണ്ടാക്കി”

വാഷിംഗ്ടൺ : അധികാരത്തിലേറി ഒരുവർഷത്തോടടുക്കുന്നതിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ “എക്കാലത്തേക്കാളും ശക്തമാക്കാനുള്ള” പദ്ധതികളാണ് താൻ ആവിഷ്കരിച്ചതെന്നായിരുന്നു പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളെക്കുറിച്ചും, ബൈഡൻ ഭരണകൂടത്തെ ശക്തമായി വിമർശിച്ചുമായിരുന്നു ട്രംപിൻ്റെ വാക് പോര്.

സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ജനപ്രീതി കുറഞ്ഞുവെന്നും വ്യക്തമാക്കുന്ന ഒരു സർവ്വേ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയായിരുന്നു ട്രംപിന്റെ പ്രസംഗം.

താൻ അധികാരമേറ്റപ്പോൾ രാജ്യം കുഴപ്പത്തിലായിരുന്നുവെന്നും മുമ്പുണ്ടായിരുന്ന ഭരണകൂടം ഒരു കുഴപ്പമാണ് തനിക്ക് സമ്മാനിച്ചതെന്നും അതിപ്പോൾ പരിഹരിച്ചുവരികയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് സംസാരിച്ചത്.

” 11 മാസം മുമ്പ്, എനിക്ക് ഒരു കുഴപ്പം കൈമാറിക്കിട്ടി. ഞാൻ അത് പരിഹരിക്കുകയാണ്. ഞാൻ അധികാരമേറ്റപ്പോൾ, പണപ്പെരുപ്പം 48 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലായിരുന്നു, ചിലർ പറയും, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ, വിലകൾ മുമ്പെന്നത്തേക്കാളും ഉയർന്നതാണെന്നും, ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ജീവിതം താങ്ങാനാവാത്തതാണെന്നും. മുൻ ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ കാലത്താണ് ഇത് സംഭവിച്ചത്, നമ്മൾ ആദ്യമായി ‘താങ്ങാനാവുന്നത്’ എന്ന വാക്ക് കേൾക്കാൻ തുടങ്ങിയപ്പോഴാണ് ഇത് സംഭവിച്ചത്”- ട്രംപ് തുറന്നടിച്ചു.

അതിർത്തി വിഷയത്തെക്കുറിച്ചും അനധികൃത കുടിയേറ്റത്തെയും കുറിച്ച് സംസാരിച്ച ട്രംപ് നിയമവിരുദ്ധമായി ഒരു വിദേശിയും ഇനി അമേരിക്കയിലേക്ക് എത്തില്ലെന്ന് ഉറപ്പാക്കിയെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു.

” ബൈഡൻ ഭരണകൂടത്തിന് കീഴിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം വ്യാപാര ഇടപാടുകൾ നമ്മൾ നടത്തി. ലോകമെമ്പാടും നിന്ന് നമ്മുടെ രാജ്യം പരിഹസിക്കപ്പെട്ടു. പക്ഷേ അവർ ഇപ്പോൾ നമ്മെനോക്കി ചിരിക്കുന്നില്ല. കഴിഞ്ഞ 11 മാസമായി, അമേരിക്കൻ ചരിത്രത്തിലെ ഏതൊരു ഭരണകൂടത്തേക്കാളും കൂടുതൽ പോസിറ്റീവ് മാറ്റം ഞങ്ങൾ വാഷിംഗ്ടണിൽ കൊണ്ടുവന്നു. കഴിഞ്ഞ നാല് വർഷമായി, അമേരിക്ക ഭരിച്ചത് നിയമവിരുദ്ധരായ വിദേശികൾ, കുറ്റവാളികൾ, കോർപ്പറേറ്റ് ലോബികൾ, തടവുകാർ, തീവ്രവാദികൾ, എല്ലാറ്റിനുമുപരി, മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തലങ്ങളിൽ മുതലെടുക്കുന്ന വിദേശ രാജ്യങ്ങൾ എന്നിവർക്കായി മാത്രം പോരാടിയ നേതാക്കളാണ്. ഭരണത്തിൻ്റെ ആദ്യദിനം മുതൽ, തെക്കൻ അതിർത്തിയിലെ അധിനിവേശം തടയാൻ ഞാൻ ഉടനടി നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏഴ് മാസമായി, യുഎസിൽ നിയമവിരുദ്ധമായ ഒരു വിദേശിയെപോലും പ്രവേശിപ്പിച്ചിട്ടില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ, ഞങ്ങൾ ഏറ്റവും മോശം അവസ്ഥയിൽ നിന്ന് മികച്ച അവസ്ഥയിലേക്ക് പോയി. ഞങ്ങൾ കുറ്റവാളികളെ നാടുകടത്തുന്നു, ഞങ്ങളുടെ ഏറ്റവും അപകടകരമായ നഗരങ്ങളിലേക്ക് സുരക്ഷ പുനഃസ്ഥാപിക്കുന്നു. രക്തദാഹികളായ വിദേശ മയക്കുമരുന്ന് കാർട്ടലുകളെ ഞങ്ങൾ നശിപ്പിച്ചു. “ഞങ്ങൾ ഒറ്റയ്ക്കാണ് അത് ചെയ്തത്.”- ട്രംപിൻ്റെ വാക്കുകളിൽ തീ പടർന്നു.

കൂടാതെ, ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം നമുക്കുണ്ടെന്നും താൻ അമേരിക്കൻ ശക്തി പുനഃസ്ഥാപിച്ചുവെന്നും 10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ തീർത്തുവെന്നും, ഇറാനിൽ നിന്നുള്ള ആണവ ഭീഷണി നശിപ്പിച്ചുവെന്നും, ഗാസയിലെ യുദ്ധം അവസാനിപ്പിച്ചുവെന്നും ട്രംപ് ഭരണമികവായി ചൂണ്ടിക്കാട്ടി.

ലോക വിപണിയെത്തന്നെ ആശങ്കയിലാഴ്ത്തിയ തീരുവയെ ന്യായീകരിച്ചാണ് ട്രംപ് സംസാരിച്ചത്. യുഎസിലേക്ക് റെക്കോർഡ് ഭേദിക്കുന്ന 18 ട്രില്യൺ ഡോളർ നിക്ഷേപം താൻ നേടിയിട്ടുണ്ടെന്നും തൊഴിലവസരങ്ങൾ വർധിപ്പിച്ചെന്നും, ശമ്പളം വർധിപ്പിച്ചെന്നും, അടഞ്ഞുകിടന്ന ഫാക്ടറികൾ തുറന്നെന്നും, ദേശീയ സുരക്ഷ വർധിപ്പിച്ചെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ വിജയമെല്ലാം നേടിയത് തീരുവകൾ വഴിയാണെന്നും ട്രംപ് പറഞ്ഞു. നിരവധി പതിറ്റാണ്ടുകളായി തീരുവകൾ പല രാജ്യങ്ങളും യുഎസിനെതിരെ ഉപയോഗിച്ചുവരുന്നുവെന്നും, പക്ഷേ ഇപ്പോൾ അങ്ങനെയല്ലെന്നും അമേരിക്കയിൽ നിർമ്മാണം നടത്തിയാൽ തീരുവകളൊന്നുമില്ലെന്ന് കമ്പനികൾക്ക് അറിയാമെന്നും ട്രംപ് ന്യായീകരിച്ചു.

തീരുവകളിലൂടെ യുഎസ് നേടിയ തുകയിൽ നിന്നും 1,450,000-ത്തിലധികം സൈനികർക്ക് ക്രിസ്മസിന് മുമ്പ് ലാഭവിഹിതം എന്ന് തങ്ങൾ വിളിക്കുന്ന ഒരു പ്രത്യേക ഡിവിഡന്റ് ലഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. 1776-ൽ നമ്മുടെ രാഷ്ട്രം സ്ഥാപിതമായതിന്റെ ബഹുമാനാർത്ഥമാണ് ഇതു നൽകുന്നത്. എല്ലാ സൈനികർക്കും 1,776 ഡോളർ വീതം നൽകും. മുമ്പ് ഒരു റിപ്പബ്ലിക്കൻ അല്ലെങ്കിൽ ഡെമോക്രാറ്റ് പ്രസിഡൻ്റും ചെയ്യാത്ത ഒരുകാര്യമാണിതെന്നും ട്രംപ് പറയുന്നു.

പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന മരുന്ന് കമ്പനികളുമായും വിദേശ രാജ്യങ്ങളുമായും താൻ നേരിട്ട് ചർച്ച നടത്തിയെന്നും, മരുന്നുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില 400%, 500%, 600% വരെ കുറയ്ക്കാൻ വേണ്ടിയായിരുന്നു അതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

US President Donald Trump addressed the nation ahead of his first year in office.

More Stories from this section

family-dental
witywide