ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും; ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാൻ ഏതെങ്കിലും തരത്തിൽ അമേരിക്കയ്ക്ക് നേരെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയ്ക്ക് ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഒരു പങ്കുമില്ല. ഏതെങ്കിലും തരത്തിൽ അമേരിക്കയ്ക്ക്നേരെ ആക്രമണമുണ്ടായാൽ സായുധ സേനയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. അമേരിക്ക ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ സന്നദ്ധമാണ്. എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കാനും ഈ സംഘർഷം അവസാനിപ്പിക്കാനും കഴിയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഓപ്പറേഷൻ റൈസിംഗ് ലയണ്‍ എന്ന പേരിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെ ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ് ഇറാൻ തിരിച്ചടിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണത്തിൽ നൂറിലേറെപ്പേർ ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണങ്ങളിൽ ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീൽഡ് ആയ സൗത്ത് പാർസ്‌, ഫജ്ർ ജാം ഗ്യാസ് റിഫൈനിംഗ്, അബാദാൻ ഓയിൽ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു.

ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകരുകയും നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്നാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. ഇറാന്‍ ഇസ്രയേലിന്റെ ഹൈഫ ഓയിൽ റിഫൈനറി ലക്ഷ്യമിട്ട് ഹൈപ്പർസോണിക് മിസൈലുകൾ അടക്കം പ്രയോഗിച്ചെന്നും യുദ്ധവിമാന നിർമാണ കേന്ദ്രം ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.

More Stories from this section

family-dental
witywide