
വാഷിംഗ്ടണ്‍: ലിയോ പതിനാലാമൻ മാര്‍പ്പാപ്പയുടെ സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനും ഭാര്യ ഡെബോറയ്ക്കും വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണമൊരുക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്‍റിന്‍റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് ലൂയിസ് പ്രെവോസ്റ്റിനും ഭാര്യയും വൈറ്റ് ഹൗസിലെത്തിയത്. മാര്‍പ്പാപ്പയുടെ സഹോദരൻ തന്‍റെ അനുഭാവിയാണെന്ന് അറിഞ്ഞതോടെ നേരിട്ട് കാണാനും ആലിംഗനം ചെയ്യാനും ആഗ്രഹിച്ചിരുന്നു. തുടർന്നാണ് ട്രംപ് ലൂയിസ് പ്രൊവോസ്റ്റിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചത്.
ഓവൽ ഓഫിസിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും ലൂയിസും ഭാര്യ ഡെബോറയും കൂടിക്കാഴ്ച നടത്തി. സമൂഹമാധ്യമങ്ങളിലൂടെ ട്രംപിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് ഫ്ളോറിഡക്കാരനായ ലൂയിസ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന് (മാഗ) വലിയ പിന്തുണ നൽകിയും മസ്കിന്‍റെ ചെലവ് ചുരുക്കല്‍ പരിഷ്കാരങ്ങളെ പ്രശംസിച്ചുമെല്ലാം ലൂയിസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.