
വാഷിംഗ്ടണ്‍: കൂട്ടനാടുകടത്തലുകളെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ പ്രചാരണ വാഗ്ദാനമായ കൂട്ടനാടുകടത്തൽ അതിവേഗം നടപ്പിലാക്കുന്നത് കോടതികൾ ആവശ്യപ്പെടുന്നതുപോലെ ഭരണഘടന പ്രകാരം കുടിയേറ്റക്കാർക്ക് നൽകേണ്ട ന്യായമായ നടപടിക്രമങ്ങൾക്ക് മുൻഗണന നൽകുന്നതിനെക്കാൾ പ്രധാനപ്പെട്ടതാണ് എന്നാണ് ട്രംപിന്‍റെ വാദം.
2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിജ്ഞ ചെയ്തതുപോലെ യുഎസ് ചരിത്രത്തിലെ “ഏറ്റവും വലിയ നാടുകടത്തൽ നടപടി” നടപ്പിലാക്കുക എന്നത് ട്രംപിന്‍റെ അജണ്ടയിലെ ഒരു പ്രധാന ഭാഗമാണ്. ആ ലക്ഷ്യം നടപ്പിലാക്കുന്നതിനായി, വെനിസ്വേലൻ ഗുണ്ടാസംഘത്തിലെ അംഗങ്ങളാണെന്ന് ആരോപിക്കപ്പെടുന്ന കുടിയേറ്റക്കാരെ ഒരു ജഡ്ജിയുടെ മുന്നിൽ തങ്ങളുടെ കേസ് വാദിക്കാൻ അവസരം നൽകാതെ ഉടൻ തന്നെ നാടുകടത്താൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ ഭരണകൂടം കോടതികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഓരോ വ്യക്തിക്കും ന്യായമായ നടപടിക്രമങ്ങൾക്ക് അർഹതയുണ്ടോ എന്ന് ചോദിച്ചപ്പോൾ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ‘തീർച്ചയായും’ എന്നാണ് മറുപടി നൽകിയത്. എന്നാൽ ട്രംപിന്‍റെ വാക്കുകളിൽ ഇക്കാര്യത്തിന് ഉറപ്പില്ല എന്നാണ് വ്യക്തമാകുന്നത്. ‘ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടതുണ്ടോ’ എന്ന് ചോദിച്ചപ്പോൾ ‘എനിക്കറിയില്ല’ എന്നായിരുന്നു ട്രംപിന്‍റെ മറുപടി.















