
വാഷിംഗ്ടൺ: ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം കടുപ്പിച്ചിരിക്കെ ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യ , യുഎഇ , ഖത്തർ, ഈജിപ്ത് , ജോർദാൻ, തുർക്കി, ഇന്തോനേഷ്യ , പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് ട്രംപ് ചർച്ച നടത്തിയത്. ഇവരെല്ലാം നിലവിൽ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോര്‍ക്കിലാണ്. ഗാസയിലെ സമാധാനത്തിനായുള്ള നിർദ്ദേശങ്ങൾ ട്രംപ് ഈ യോഗത്തിൽ പങ്കുവെച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ന്യൂയോർക്ക് സിറ്റിയിൽ ട്രംപ് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ച , തന്റെ “ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ച” എന്നാണ് ട്രംപ് ആവർത്തിച്ച് വിശേഷിപ്പിച്ചത്. “ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അത് അവസാനിപ്പിക്കാൻ പോകുന്നു. ഒരുപക്ഷേ ഇപ്പോൾ നമുക്ക് അത് അവസാനിപ്പിക്കാൻ കഴിയും,” ട്രംപ് യോഗത്തിന്റെ തുടക്കത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് എന്റെ ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ചയാണ്, കാരണം ഒരിക്കലും ആരംഭിക്കാൻ പാടില്ലാത്ത ഒന്ന് ഞങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു.”” അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നും ട്രംപ് അറിയിച്ചു.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരത്തെ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തെയും ട്രംപ് പ്രശംസിച്ചു, സമാധാനത്തിന് ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു എന്നാണ് അതിൽ സുബിയാന്റോ പറഞ്ഞത് . ട്രംപുമായുള്ള കൂടിക്കാഴ്ചയെ “വളരെ ഫലപ്രദമായിരുന്നു” എന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ വിശേഷിപ്പിച്ചു.
അതേസമയം, ചർച്ചയ്ക്കു പിന്നാലെ എന്തൊക്കെ കാര്യങ്ങളിലാണ് തീരുമാനമായതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. കൂടിക്കാഴ്ച എങ്ങനെയായിരുന്നുവെന്ന് ചോദിച്ചപ്പോൾ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ശുഭ പ്രതീക്ഷയെന്ന രീതിയിൽ ഒരു തംബ്സ്-അപ്പ് നൽകി കടന്നുപോയി.














