
വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാന പദ്ധതിയെക്കുറിച്ച് വാചാലനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ നടപ്പിലാക്കുന്ന ‘ഗോൾഡൻ ഡോം’ എന്ന മിസൈൽ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള കാര്യങ്ങളാണ് ട്രംപ് വെളിപ്പെടുത്തിയത്. ബഹിരാകാശത്ത് നിന്ന് തൊടുക്കുന്ന മിസൈലുകൾ വരെ ഈ സംവിധാനം തടുക്കും എന്നാണ് ട്രംപ് അവകാശപ്പെട്ടത്. തന്‍റെ ഭരണ കാലാവധി അവസാനിക്കുമ്പോഴേക്കും ഗോൾഡൻ ഡോം പ്രവർത്തനക്ഷമമാകുമെന്ന് ട്രംപ് പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ യുഎസിന് നേരെ വരാനിടയുള്ള വ്യോമ ഭീഷണികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. പുതിയ ബജറ്റിൽ 2500 കോടി ഡോളർ (2.1 ലക്ഷം കോടി രൂപ) പ്രാരംഭ തുകയായി ഗോൾഡൻ ഡോമിനായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കാൻ 17,500 കോടി ഡോളറാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്‌പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗ്യൂറ്റ്‌ലിൻ പദ്ധതിക്ക് മേൽനോട്ടം വഹിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.