വാഷിംങ്ടൺ: ഇറാൻ്റെ മരണഭീഷണിയെ ട്രോളി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ എ ലാഗോ റിസോർട്ടിൽ സൂര്യ സ്നാനം നടത്തുമ്പോൾ വധിക്കുമെന്ന ഇറാന്റെ പരമോന്നതനേതാവിന്റെ വക്താവിൻ്റെ ഭീഷണിയെയാണ് ട്രംപ് പരിഹസിച്ചത്. ഭീഷണി കാര്യമായി എടുക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.
ഏഴാം വയസ്സിലായിരിക്കാം അവസാനമായി സൂര്യ സ്‌നാനം നടത്തിയതെന്നും അതിന് ശേഷം അതിനോട് വലിയ താൽപര്യം തോന്നിയിട്ടില്ലെന്നും ട്രംപ് കൂട്ടിചേർത്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകൻ മുഹമ്മദ് -ജവാദ് ലാരിജാനി ഡ്രോൺ ഉപയോഗിച്ച് ട്രംപിനെ വധിക്കാൻ കഴിയുമെന്ന് പറഞ്ഞതാണ് റിപ്പോർട്ട്. ജൂണിൽ അമേരിക്ക ഇറാന്റെ ആണവായുധ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കു പ്രതികാരമായാണ് ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഏജന്റുമാർ ട്രംപിന് നേരെ ആക്രമണം നടത്തുമെന്ന് പറഞ്ഞത്.














