ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിച്ച കാട്ടുതീക്ക് കാലിഫോര്‍ണിയ ഗവര്‍ണറെ കുറ്റപ്പെടുത്തി ട്രംപ്; ‘ജനങ്ങളെ അധികാരികള്‍ ശ്രദ്ധിക്കുന്നില്ല, തീ അണയ്ക്കാന്‍ വെള്ളവുമില്ല’

വാഷിംഗ്ടണ്‍: ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിച്ച കാട്ടുതീക്ക് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിനെ കുറ്റപ്പെടുത്തി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയിലേക്ക് കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് ഒഴുക്കാന്‍ സാധിക്കുന്ന ജല പുനഃസ്ഥാപന പ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ന്യൂസം വിസമ്മതിച്ചുവെന്നും ട്രംപ് പറഞ്ഞു.

മാത്രമല്ല, കാലിഫോര്‍ണിയയിലെ ജനങ്ങളെ ശ്രദ്ധിക്കുന്നതിനുപകരം കുറച്ച് വെള്ളം നല്‍കി സ്‌മെല്‍റ്റ് എന്ന മത്സ്യത്തെ സംരക്ഷിക്കാന്‍ ന്യൂസം ആഗ്രഹിക്കുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു. കാലിഫോര്‍ണിയയിലേക്ക് വെള്ളം ഒഴുകാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ന്യൂസമിനോട് ആവശ്യപ്പെട്ടു.

‘വടക്ക് നിന്നുള്ള അധിക മഴയില്‍ നിന്നും മഞ്ഞില്‍ നിന്നും ദശലക്ഷക്കണക്കിന് വെള്ളം, നിലവില്‍ കത്തുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ, കാലിഫോര്‍ണിയയുടെ പല ഭാഗങ്ങളിലേക്കും ദിവസവും ഒഴുകാന്‍ അനുവദിക്കുന്ന ജല പുനഃസ്ഥാപന പ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം വിസമ്മതിച്ചു.’- സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. ഗാവിന്‍ ന്യൂസോമും അദ്ദേഹത്തിന്റെ ലോസ് ഏഞ്ചല്‍സ് സംഘവും തീയുടെ ഒരു ശതമാനം പോലും അണച്ചിട്ടില്ലെന്നും, ‘തീയണയ്ക്കാന്‍ വെള്ളമില്ല, ഫെമയില്‍ പണമില്ല. ജോ ബൈഡന്‍ അധികാരം ഒഴിയുമ്പോള്‍ തന്നെ കാത്തിരിക്കുന്നത് ഇതാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സില്‍ കത്തിപ്പടരുന്ന കാട്ടുതീ ആയിരക്കണക്കിന് ഏക്കര്‍ നശിപ്പിക്കുകയും പതിനായിരക്കണക്കിന് താമസക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉണ്ടായ കാട്ടുതീയില്‍ 5 പേര്‍ മരിച്ചു. കാട്ടുതീയുടെ ഗുരുതരമായ ആഘാതത്തിന് ശേഷമാണ് ട്രംപിന്റെ പ്രസ്താവന.

Also Read

More Stories from this section

family-dental
witywide