
വാഷിംഗ്ടൺ: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ചുമത്തിയ വലിയ തീരുവകൾ കുറയ്ക്കാൻ തയ്യാറാണെന്ന് സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നിലവിലെ തീരുവകൾ വളരെ ഉയർന്നതായതിനാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരം നിലച്ച മട്ടാണെന്നും അദ്ദേഹം സമ്മതിച്ചു.
‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വരുന്ന മിക്ക സാധനങ്ങൾക്കും ട്രംപ് 10 ശതമാനം സാർവത്രിക തീരുവ ചുമത്തി. എന്നാൽ ചൈനീസ് ഇറക്കുമതികൾക്ക് 145 ശതമാനം വരെ ഉയർന്ന തീരുവയാണ് ചുമത്തിയത്. ഇതിന് പ്രതികാരമായി, അമേരിക്കൻ ഇറക്കുമതികൾക്ക് ചൈന 125 ശതമാനം തീരുവ വർദ്ധിപ്പിച്ചു. ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര തർക്കം സാമ്പത്തിക വിപണികളെ ഇളക്കിമറിക്കുകയും, അമേരിക്കക്കാർ ആശ്രയിക്കുന്ന വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ താങ്ങാനാവുന്ന സാധനങ്ങളുടെയും നിർമ്മാണ ഉപകരണങ്ങളുടെയും വില വർധിക്കുകയും ചെയ്തിരുന്നു. ഒരവസരത്തിൽ ഞാൻ അവ കുറയ്ക്കും, കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് അവരുമായി കച്ചവടം ചെയ്യാൻ കഴിയില്ല, അവർക്ക് കച്ചവടം ചെയ്യാൻ വളരെ താല്പര്യമുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്.