
ന്യൂജേഴ്സി: ന്യൂജേഴ്‌സിയെ ഒന്നാകെ ഞെട്ടിച്ച ക്രൂരമായ ഇരട്ടക്കൊലപാതകം നടന്ന് എട്ട് വർഷത്തിന് ശേഷം പ്രതി ഇന്ത്യൻ പൗരനാണെന്ന് കണ്ടെത്തൽ. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു തുള്ളി രക്തവും ഡിഎൻഎ പരിശോധനയും കേസിൽ നിർണ്ണായകമായി. 2017 മാർച്ചിൽ മേപ്പിൾ ഷേഡിലെ അപ്പാർട്ട്മെന്റിൽ വെച്ച് ശശികല നാരയേയും (38) ആറ് വയസ്സുകാരനായ മകൻ അനീഷിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ 38-കാരനായ ഇന്ത്യൻ പൗരൻ നസീർ ഹമീദിനെതിരെയാണ് ബർലിംഗ്ടൺ കൗണ്ടി പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയത്.
സംഭവം നടക്കുമ്പോൾ യുഎസിൽ വിസയിൽ ജോലി ചെയ്യുകയായിരുന്ന ഹമീദ്, കൊലപാതകത്തിന് തൊട്ടുപിന്നാലെ ഇന്ത്യയിലേക്ക് കടന്നു. അന്നുമുതൽ ഇയാൾ ഇന്ത്യയിലാണുള്ളത്. വിചാരണയ്ക്കായി ഇയാളെ വിട്ടുകിട്ടാനായി യുഎസ് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
പോലീസ് കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു അതെന്ന് മേപ്പിൾ ഷേഡ് പോലീസ് പറഞ്ഞു. ജീവന് വേണ്ടി അമ്മയും മകനും അക്രമിയോട് ശക്തമായി പോരാടിയിരുന്നുവെന്ന് വ്യക്തമാക്കുന്ന മുറിവുകൾ ഇവരുടെ ശരീരത്തിലുണ്ടായിരുന്നു. 2017-ൽ സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തിരിച്ചറിയാത്ത രക്തത്തുള്ളിയും, ഹമീദിൻ്റെ ഔദ്യോഗിക ലാപ്‌ടോപ്പിൽ നിന്ന് വേർതിരിച്ചെടുത്ത ഡിഎൻഎയും തമ്മിൽ ഒത്തതോടെയാണ് കേസിൽ വഴിത്തിരിവായത്. 2024-ൽ, ഡിഎൻഎ സാമ്പിൾ നൽകാൻ ഹമീദ് വിസമ്മതിച്ചതിനെത്തുടർന്ന്, യുഎസ് അധികൃതർ കോടതി ഉത്തരവ് വഴി ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ മുൻ തൊഴിലുടമയിൽ നിന്ന് ലാപ്‌ടോപ്പ് വരുത്തി ഫോറൻസിക് പരിശോധന നടത്തുകയായിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
ശശികലയുടെ ഭർത്താവ് ഹനുമന്ത് നാരയ്‌ക്കൊപ്പം ന്യൂജേഴ്‌സിയിലെ കോഗ്‌നിസൻ്റ് ടെക്‌നോളജി സൊല്യൂഷൻസിൽ ഹമീദ് ജോലി ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാര കുടുംബത്തിന് നടക്കാവുന്ന ദൂരത്തിൽ മാത്രമാണ് ഹമീദ് താമസിച്ചിരുന്നത്. കൊലപാതകത്തിന് മുമ്പ് ഇയാൾ ഹനുമന്തിനെ പിന്തുടർന്നിരുന്നതായും പോലീസ് പറയുന്നു. “ഞങ്ങൾ മറന്നിട്ടില്ല, പൊറുത്തിട്ടില്ല,” നീതി നടപ്പാക്കുന്നത് വരെ ഹമീദിനായുള്ള അന്വേഷണം തുടരുമെന്ന് ബർലിംഗ്ടൺ കൗണ്ടി പ്രോസിക്യൂട്ടർ ലാച്ചിയ ബ്രാഡ്‌ഷോ വ്യക്തമാക്കി.













