
വാഷിംഗ്ടൺ: യുഎസ് വിസ നിയമങ്ങൾ ലംഘിക്കുകയും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്ത 6,000-ത്തിലധികം വിദ്യാർഥികളുടെ വിസകൾ അമേരിക്ക റദ്ദാക്കി. നിയമലംഘനം, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കാളികളാകുക തുടങ്ങിയ കാരണങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റദ്ദാക്കിയ വിസകളിൽ തീവ്രവാദവുമായി ബന്ധമുള്ള കേസുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.
വലിയ തോതിലുള്ള ഈ നടപടി, വിദേശ വിദ്യാർഥി വിസകളെക്കുറിച്ചുള്ള അമേരിക്കയുടെ പരിശോധന വർധിക്കുന്നതിന്റെ സൂചനയാണ്. 2023-24 അധ്യയന വർഷത്തിൽ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികൾ യുഎസ് കോളേജുകളിൽ പഠിക്കുന്ന സാഹചര്യത്തിൽ, അനധികൃത ആവശ്യങ്ങൾക്കായി വിദ്യാർഥി വിസകൾ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക അധികൃതര്‍ക്കുണ്ടായിരുന്നു. റദ്ദാക്കിയ വിസകളിൽ മൂന്നിൽ രണ്ട് ഭാഗവും, അതായത് ഏകദേശം 4,000 വിസകളും നേരിട്ട് ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതാണ്.
ഇവയിൽ അക്രമം, മോഷണം, മദ്യപിച്ച് വാഹനമോടിക്കൽ (DUI) തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. ഇത്തരം സംഭവങ്ങൾ യുഎസ് നിയമങ്ങൾ ലംഘിക്കുന്നതിനു പുറമേ കാമ്പസുകളുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കാത്ത വ്യക്തികളോട് സർക്കാർ കർശനമായ നിലപാട് സ്വീകരിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ നടപടി. വിസ റദ്ദാക്കപ്പെട്ട പല വിദ്യാർഥികളും കുറ്റകൃത്യങ്ങൾ ചെയ്തതിനു പുറമേ, അനുവദിച്ച കാലയളവിന് ശേഷവും രാജ്യത്ത് തങ്ങിയവരാണെന്ന് കണ്ടെത്തി.