
വാഷിംഗ്ടൺ: സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അൽ-ഷറായുടെ നേതൃത്വത്തിലുള്ള ഹയ്യത് തഹ്‌രീർ അൽ-ഷാം (HTS) എന്ന സംഘടനയെ ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം അറിയിച്ചത്. വാഷിംഗ്ടണും ദമാസ്കസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടയിലാണ് അൽ-നുസ്റ ഫ്രണ്ട് എന്നും അറിയപ്പെടുന്ന ഈ ഗ്രൂപ്പിന് മേലുള്ള ഭീകര പട്ടിക നീക്കുന്നത്.
ജൂൺ 23-നാണ് ഈ തീരുമാനം ഒപ്പുവെച്ചത്. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് റൂബിയോയുടെ അറിയിപ്പിൽ പറയുന്നു. കരട് രേഖ തിങ്കളാഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചിരുന്നു. എച്ച് ടി എസ് പിരിച്ചുവിട്ടതായും എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കാനുള്ള സിറിയൻ സർക്കാരിന്റെ പ്രതിബദ്ധതയും കണക്കിലെടുത്താണ് ഈ പേര് നീക്കുന്നതെന്ന് റൂബിയോ തിങ്കളാഴ്ച ഒരു പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
ഈ നടപടി ജൂൺ 30-ലെ ‘സിറിയൻ ഉപരോധങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ചുള്ള’ എക്സിക്യൂട്ടീവ് ഉത്തരവിന് കൂടുതൽ കരുത്ത് നൽകുന്നു. പ്രസിഡന്റ് അഹ്മദ് അൽ-ഷറായുടെ കീഴിലുള്ള പുതിയ സിറിയൻ സർക്കാർ കൈക്കൊണ്ട നല്ല നടപടികളെയും ഇത് അംഗീകരിക്കുന്നുവെന്ന് റൂബിയോ കൂട്ടിച്ചേർത്തു. സ്ഥിരതയുള്ള, ഏകീകൃതവും സമാധാനപരവുമായ ഒരു സിറിയ എന്ന പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ ഭീകര പട്ടിക നീക്കൽ.
കഴിഞ്ഞ ഡിസംബറിൽ ബഷർ അൽ-അസദിന്റെ ഭരണകൂടത്തെ താഴെയിറക്കിയ സൈനിക മുന്നേറ്റത്തിന് നേതൃത്വം നൽകിയത് അഹ്മദ് അൽ-ഷറാ ആയിരുന്നു. നിലവിൽ സിറിയയുടെ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവമാക്കിയിരുന്നു. മെയ് മാസത്തിൽ ട്രംപുമായി റിയാദിൽ കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമാണ്. ഈ നീക്കം സിറിയയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുമായും സമീപകാല യുഎസ് നയതന്ത്ര ശ്രമങ്ങളുമായും ബന്ധപ്പെട്ടുള്ള ഒരു വലിയ നയപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.