
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ ഇന്റർനാഷണൽ ക്രിമിനൽ കോർട്ടിന്റെ (ICC) അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളുമായി യുഎസ്. കോടതിയിലെ ഒരു ഫ്രഞ്ച് ജഡ്ജിക്കും മറ്റ് ഉദ്യോഗസ്ഥർക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. ഐസിസി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കേസ് പരിഗണിക്കുന്ന ഫ്രഞ്ച് ജഡ്ജി നിക്കോളാസ് ഗില്ലുവിനെതിരെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉപരോധം പ്രഖ്യാപിച്ചത്.
അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കനേഡിയൻ ജഡ്ജി കിംബർലി പ്രോസ്റ്റിനെയും ഉപരോധിച്ചു. ഫിജിയിൽ നിന്നുള്ള നഷാത് ഷമീം ഖാൻ, സെനഗലിൽ നിന്നുള്ള മാമെ മാൻഡിയായി നിയാങ് എന്നീ രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിസിയെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്ന് വിശേഷിപ്പിച്ച റൂബിയോ, കോടതി അമേരിക്കയ്ക്കും ഞങ്ങളുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനും എതിരായ ഒരു നിയമയുദ്ധത്തിനുള്ള ആയുധമായി മാറിയിരിക്കുന്നു എന്നും പറഞ്ഞു. ഇരു രാജ്യങ്ങളുടെയും അനുമതിയില്ലാതെ യുഎസ്, ഇസ്രായേൽ പൗരന്മാർക്കെതിരെ അന്വേഷണം നടത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു.