
വാഷിംഗ്ടൺ: ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് പാലസ്തീൻ അതോറിറ്റിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. പാലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് യുഎസിന്‍റെ നടപടി. പലസ്തീൻ അതോറിറ്റി തീവ്രവാദികൾക്കും കുടുംബങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നുവെന്നും ദേശസുരക്ഷാ താത്പര്യം കണക്കിലെടുത്താണ് ഈ നടപടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പറഞ്ഞു.
പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെതിരെയും ഉപരോധം ഏർപ്പെടുത്തി. യാത്രാവിസ നിഷേധിക്കുന്നതടക്കമുള്ള നടപടികൾ ഉപരോധത്തിന്‍റെ ഭാഗമായുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വിശദീകരിച്ചു. അതേസമയം, പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ സെപ്റ്റംബറിൽ നടക്കുന്ന 85-ാമത് പൊതു സമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അതേ സമയം, ഹമാസ് പങ്കാളിത്തം ഇല്ലാതെ 2026ൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും കാനഡ മുന്നോട്ടുവെച്ചിട്ടുണ്ട്. മാൾട്ടയും യുകെയും , ഫ്രാൻസും സമാനമായ പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നു.