
ന്യൂഡല്‍ഹി: ഇന്ത്യക്കാരെയടക്കം സാരമായി ബാധിക്കുന്ന മാറ്റവുമായി യുഎസ് വിസ നയം. യുഎസ് നോണ്‍-ഇമിഗ്രന്റ് (കുടിയേറ്റേതര )വിസ (എന്‍ഐവി) അപേക്ഷകര്‍ ഇനി അവരുടെ പൗരത്വമുള്ള രാജ്യത്തോ നിയമപരമായ താമസ സ്ഥലത്തോ അഭിമുഖ അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യേണ്ടതുണ്ടെന്ന നിര്‍ദേശമാണ് യുഎസ് നല്‍കിയിരിക്കുന്നത്. ട്രംപ് ഭരണകൂടം വിസ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്.
ഇന്ത്യയില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്നതിനാല്‍, വിദേശത്ത് വേഗത്തില്‍ അപ്പോയിന്റ്‌മെന്റുകള്‍ തേടുന്ന ഇന്ത്യക്കാരെ ഈ മാറ്റം സാരമായിത്തന്നെ ബാധിക്കും. യുഎസ് പതിവ് നോണ്‍-ഇമിഗ്രന്റ് വിസ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത രാജ്യങ്ങള്‍ക്ക് ചില ഇളവുകള്‍ നിലവിലുണ്ട്. ആ രാജ്യക്കാര്‍ക്കായി പ്രത്യേക എംബസികള്‍ നിയോഗിക്കും.
ഉടന്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം 2025 സെപ്റ്റംബര്‍ 6 ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വിസ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയുക്ത വിസ പ്രോസസ്സിംഗ് സ്ഥലങ്ങളെക്കുറിച്ചുള്ള എല്ലാ മുന്‍ നിര്‍ദ്ദേശങ്ങളെയും മറികടന്നാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ട ഇന്ത്യക്കാര്‍ക്ക് ഇനി വിദേശത്ത് പെട്ടെന്ന് ബി1 (ബിസിനസ്)/ബി2 (ടൂറിസ്റ്റ്) അപ്പോയിന്റ്‌മെന്റ് തീയതി ബുക്ക് ചെയ്യാന്‍ കഴിയില്ല എന്ന് സാരം. ടൂറിസം, ബിസിനസ്സ്, വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക തൊഴിലാളികള്‍, യുഎസ് പൗരന്മാരെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നവര്‍ എന്നിവര്‍ക്ക് നല്‍കുന്ന വിസ എന്‍ഐവികളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ നിലവില്‍ ബി1, ബി2 അഭിമുഖത്തിനുള്ള കാത്തിരിപ്പ് സമയം ഹൈദരാബാദിലും മുംബൈയിലും മൂന്നര മാസമാണ്. ഡല്‍ഹിയില്‍ നാലര മാസവും കൊല്‍ക്കത്തയില്‍ അഞ്ച് മാസവും ചെന്നൈയില്‍ ഒമ്പത് മാസവുമാണ്. പുതിയ നിര്‍ദേശം പ്രാബല്യത്തിലാകുന്നതോടെ ഈ കാത്തിരിപ്പ് സമയം ഇനിയും നീളും.












