
വാഷിംഗ്ടണ്‍ : അമേരിക്കയിലെ മെയ്നിലുള്ള ഒരു സ്‌കൂളിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ അനുകൂല കായിക നയത്തിനെതിരെ വസ്ത്രം അഴിച്ച് പ്രതിഷേധം. അഗസ്റ്റ സ്‌കൂള്‍ ഡിപ്പാര്‍ട്ട്മെന്റ് മീറ്റിംഗിനിടെയാണ് സംഭവമുണ്ടായത്. പ്രാദേശിക നേതാവായ നിക്ക് ബ്ലാഞ്ചാര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ അത്ലറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പം വസ്ത്രം മാറുന്നതും ഇത്തരത്തിലുള്ള മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലും പ്രതിഷേധിച്ചാണ് അടിവസ്ത്രം അടക്കം അഴിച്ചുമാറ്റിയുള്ള പ്രതിഷേധം അരങ്ങേറിയത്.
‘പെണ്‍കുട്ടികള്‍ക്ക് ഇത് എത്രത്തോളം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ പോകുന്നു,’ സ്ത്രീകള്‍ വസ്ത്രം അഴിച്ചപ്പോള്‍ ബ്ലാഞ്ചാര്‍ഡ് പറഞ്ഞു. ‘നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നുണ്ടോ? കാരണം ഒരു ആണ്‍കുട്ടി അവരുടെ ലോക്കര്‍ റൂമിലേക്ക് നടന്ന് അവരുടെ മുന്നില്‍ വസ്ത്രം മാറാന്‍ തുടങ്ങുമ്പോള്‍ ഈ പെണ്‍കുട്ടികള്‍ക്ക് തോന്നുന്നത് അതാണ്. ഒരു ആണ്‍കുട്ടി അവരുടെ മുന്നില്‍ വേഷം മാറുമ്പോഴെല്ലാം ഈ പെണ്‍കുട്ടികള്‍ക്ക് തോന്നുന്നത് അതാണ്. ഇത് മെയ്നിന്റെ തലസ്ഥാനമാണ്,” ബ്ലാഞ്ചാര്‍ഡ് തുടര്‍ന്നു. ”നമ്മള്‍ സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് ഒരു മാതൃക കാണിക്കണം. നിങ്ങള്‍ എന്ത് മാതൃകയാണ് കാണിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലെ പെണ്‍കുട്ടികളെക്കുറിച്ച് ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന്.” – അദ്ദേഹം പറഞ്ഞു. സംഭവത്തിനെതിരെ സ്‌കൂള്‍ ബോര്‍ഡ് അംഗങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ നടത്തി, ചിലര്‍ രോഷാകുലരായി, ചിലര്‍ നോട്ടം മാറ്റി.
വൈറലായ പ്രതിഷേധത്തെത്തുടര്‍ന്ന്, കായിക നയത്തെക്കുറിച്ചുള്ള തന്റെ നിലപാടിനെ പിന്തുണച്ച് 150-ലധികം ആളുകള്‍ തന്നെ ബന്ധപ്പെട്ടതായി ബ്ലാഞ്ചാര്‍ഡ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
കാലിഫോര്‍ണിയയിലും സമാനമായ ഒരു പ്രതിഷേധം നടന്നിരുന്നു. പിന്നാലെയാണ് മെയ്‌നിലും ഇത് ആവര്‍ത്തിക്കപ്പെട്ടത്. സെപ്റ്റംബര്‍ 18 ന് നടന്ന ഡേവിസ് ജോയിന്റ് യൂണിഫൈഡ് സ്‌കൂള്‍ ബോര്‍ഡ് മീറ്റിംഗില്‍ മോംസ് ഫോര്‍ ലിബര്‍ട്ടിയുടെ അധ്യക്ഷ, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെണ്‍കുട്ടികളുടെ ലോക്കര്‍ റൂമുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതില്‍ പ്രതിഷേധിച്ച് അടിവസ്ത്രം വരെ അഴിച്ചുമാറ്റി പ്രതിഷേധിച്ചിരുന്നു.















